സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി ഇന്ത്യയിലെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഫിൻടെക് കമ്പനി തുടങ്ങാനാണ് എൽഐസിയുടെ തീരുമാനം. ഡിജിറ്റൽ നവീകരണവും, മൂല്യ വർദ്ധനവും ഉറപ്പുവരുത്തുന്ന ഡൈവ് എന്ന പുതിയ പദ്ധതിയിലൂടെ സേവനങ്ങൾ സമ്പൂർണ്ണമായും ഇലക്ട്രോണിക് രൂപത്തിലാക്കുക എന്നതാണ് എൽഐസി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം, ആഗോള നിലവാരത്തിലുള്ള എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതാണ്.
സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക കൺസൾട്ടന്റിനെ എൽഐസി നിയമിച്ചിട്ടുണ്ട്. ഏജന്റുകൾ വഴി നേടുന്ന ബിസിനസ് ഡിജിറ്റലാക്കുന്ന പദ്ധതിക്കാണ് ആദ്യം കൂടുതൽ മുൻതൂക്കം നൽകുക. അടുത്ത ഘട്ടത്തിൽ ക്ലെയിം സെറ്റിൽമെന്റ്, വായ്പകൾ തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമാകും. എൽഐസിയുടെ ഓഫീസുകളിൽ എത്താതെ തന്നെ ഉപഭോക്താക്കൾക്ക് എല്ലാ സേവനങ്ങളും വീട്ടിലിരുന്ന് ഉപയോഗിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഡിജിറ്റലൈസ് ചെയ്യുന്ന സംവിധാനം പ്രാബല്യത്തിലാകുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ നേടിയെടുക്കാൻ എൽഐസിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments