കോട്ടയം: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ഒരു സംഘം നാട്ടിൽ സജീവമായിട്ട് ഏറെ നാളുകളായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഊർജ്ജിതമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപമുണ്ട്. മാധ്യമങ്ങളിൽ പോലും വാർത്തകൾ വന്നിട്ടും പൊലീസ് ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ മാസമാണ് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നോവ കാറിലെത്തിയ സംഘം കുട്ടികളെ വിളിച്ചുകയറ്റാൻ ശ്രമിച്ചത്. മാങ്ങാനം പ്രദേശങ്ങളിലാണ് ഈ സംഘം കുടുതലും കറങ്ങിനടന്നതത്രെ. പല കുട്ടികളെയും വീട്ടിലെത്തിക്കാം എന്ന് വാഗ്ദാനം നൽകി കാറിലേക്ക് ക്ഷണിച്ചിരുന്നു. ഈ സംഘത്തിലും ഒരു യുവതി ഉണ്ടായിരുന്നു. ഇത് അന്നേ മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നെങ്കിലും പൊലീസ് വേണ്ടത്ര ഗൗരവം കാട്ടിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
ഒക്ടോബർ 19ന് ഇത് സംബന്ധിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത ഇങ്ങനെ..
കാറിലെത്തുന്ന യുവതിയടക്കമുള്ള സംഘം സ്കൂൾ വിദ്യാർഥികളെ പിന്തുടരുന്നതായി നാട്ടുകാർ. മാങ്ങാനം സ്കൂളിന് സമീപമാണ് സംഭവം. നടന്നുപോകുന്ന കുട്ടികളുടെ സമീപം കാർനിർത്തി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞതായി കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു. വെള്ള ഇന്നോവ കാറിലാണ് സംഘമെത്തുന്നത്. ബുധനാഴ്ചയെത്തിയ സംഘത്തിൽ ഒരു യുവതിയുമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വീട്ടിലേക്ക് നടന്നുപോയ പെൺകുട്ടിയോട് അച്ഛൻ ഓഫിസിലല്ലെ ഞങ്ങൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു.
ഇതോടെ ഭയന്ന കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. ദിവസങ്ങളായി സംഘം മാങ്ങാനം കേന്ദ്രീകരിച്ച് കറങ്ങുന്നതായാണ് വിവരം. പലദിവസങ്ങളായി കുട്ടികൾ പരാതി പറഞ്ഞതോടെ വഴിയോരത്തുള്ള സി.സി ടി.വി.ക്യാമറകൾ പരിശോധിച്ചുവരികയാണ്. സംഭവം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലറിയിച്ചതായും നാട്ടുകാർ പറഞ്ഞു.
Post Your Comments