ന്യൂഡൽഹി: നീണ്ട 17 ദിവസത്തെ കാത്തിരിപ്പിന് പരിസമാപ്തി. ഉത്തരാഖണ്ഡിലെ സിൽക്യാരി തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾ ഉടൻ പുറത്തേക്ക്. നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തുന്നത്. സിൽക്യാര ടണൽ തുരന്ന് എസ് ഡി ആര്‍ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വരികയാണ്. നിലവിൽ നാലുപേരെയാണ് പുറത്തെത്തിച്ചതെന്നാണ് സൂചന.
കോടിക്കണക്കിന് നാട്ടുകാരുടെ പ്രാർത്ഥനയുടെയും എല്ലാ രക്ഷാപ്രവർത്തകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി അവർ തിരികെ പുറംലോകത്തേക്ക്. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കല്‍ ഒന്നര മീറ്റര്‍ പിന്നിട്ടിരുന്നു. വന മേഖലയില്‍ നിന്ന് ലംബമായി കുഴിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു. പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി. രാവിലെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലില്‍ എത്തി രക്ഷാദൗത്യം വിലയിരുത്തിയിരുന്നു.
ടണലിനു പുറത്ത് മെഡിക്കല്‍ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ മാനസികാരോഗ്യവും ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരുന്നുണ്ടായിരുന്നു. പുറത്തെടുത്തവരെ ആശുപത്രിയിലേക്ക് മാറ്റും. ആരുടേയും നില അതീവ ഗുരുതരമല്ലെന്നാണ് കരുതുന്നത്.
Post Your Comments