മലപ്പുറം: എടക്കരയിൽ കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ച ഇറച്ചിയുമായി വേട്ടസംഘത്തിലെ രണ്ടു പേർ വനപാലകരുടെ പിടിയിൽ. മൂത്തേടം കൽക്കുളം മലപ്പുറവൻ അബ്ദുൽ അസീസ്(53), കുഴിപ്പൻകുളം പുതിയ കളത്തിൽ വികെ വിനോദ്(34) എന്നിവരാണ് അറസ്റ്റിലായത്.
പടുക്ക ഡെപ്യുട്ടി റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അബ്ദുൽ അസീസിന്റെ വീട്ടിൽ നിന്ന് കാട്ടുപോത്തിന്റെ ഇറച്ചി കണ്ടെത്തി. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് വികെ. വിനോദിനെയും അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജിത മാക്കിയതായും അധികൃതർ പറഞ്ഞു.
Read Also : രാഹുൽ ഗാന്ധിയ്ക്ക് രണ്ട് പ്രണയങ്ങളുണ്ട്: ഒന്ന് ഇറ്റലിയും രണ്ട് മോദിയും, പരിഹാസവുമായി ഒവൈസി
വ്യാഴാഴ്ച രാത്രി കരുളായി റേഞ്ചിലെ പടുക്ക വനം സ്റ്റേഷന് കീഴിലുള്ള എട്ടുകണ്ണി ഭാഗത്താണ് സംഭവം. ഇരുവരെയും കരുളായി റെയ്ഞ്ച് ഓഫീസർ പി.കെ. വിനോദ്, അബ്ദുൽ അസീസ്, മുജീബ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കരുളായി വെറ്ററിനറി സർജൻ ഡോ. ജെ. ഐശ്വര്യ പരിശോധിച്ചു. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അംജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. ഷാജഹാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രതീഷ്, എം.പി. സുചിത്ര, ജിൻസൺ ജോൺ, എം.എസ്. അനൂപ്, സജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments