തിരുവനന്തപുരം: മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്‌നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്.മൂന്നു തവണയാണ് ബാഹുബലിക്ക് നേരെ വെടിയുതിർത്തത്. വെടികൊണ്ട പോത്ത് തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു.
നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും.ശേഷം ഇതിനെ വാഹനത്തിൽ കയറ്റി വനത്തിലേക്ക് വിടും. പാലോട്, കുളത്തുപ്പുഴ, അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ ആണ് കാട്ടുപോത്തിനെ സ്ഥലത്ത് നിന്ന് മാറ്റുന്നത്. ഒരാഴ്ചയായി തിരുവനന്തപുരം മംഗലപുരം ടെക്നോസിറ്റി മേഖലയെ മുൾമുനയിൽ നിർത്തിയ പോത്തിനെയാണ് മയക്കു വെടിവച്ച് പിടികൂടിയത്.
മംഗലപുരത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള പാലോട് വനമേഖലയില്‍ നിന്നു കൂട്ടംതെറ്റി എത്തിയ കാട്ടുപോത്തെന്നാണു കരുതുന്നത്. ബാഹുബലി സിനിമയിലെ പോലെ തോന്നിക്കുന്ന പോത്തിന്റെ രൂപം കണ്ട നാട്ടുകാരാണ് ഇതിന് ബാഹുബലിയെന്ന പേരിട്ടത്. പൂര്‍ണവളര്‍ച്ച എത്താത്ത കാട്ടു പോത്തിന് ഏകദേശം 500 കിലോഗ്രാമിലേറെ ഭാരം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരം ഡിഎഫ്ഒ അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 7ന് അഞ്ചല്‍, കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ റേഞ്ച് ഓഫിസുകളില്‍ നിന്നായി 50 ലേറെ ഉദ്യോഗസ്ഥരും റാപിഡ് റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി. ഇവര്‍ 4 സംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ പകല്‍ മുഴുവന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്തിനെ പിടികൂടാനായിരുന്നില്ല.
Post Your Comments