Latest NewsKeralaNews

ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: ഒരാൾ പിടിയിൽ

ബംഗളൂരു: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ഒരാൾ പിടിയിൽ. വിദ്യാർണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസി (33) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശികളിൽ നിന്ന് പതിനെട്ട് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നാൽപ്പത്തഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Read Also: കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യ തലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു

പാർട്ട് ടൈം ജോലിയുടെ ഭാഗമായി യൂട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാൽ 1250 രൂപ വരുമാനം എന്നിങ്ങനെയായിരുന്നു പരാതിക്കാർക്ക് ലഭിച്ച വാഗ്ദാനം. ആദ്യഘട്ടം എന്ന നിലയിൽ ചെറിയ തുകകൾ പ്രതിഫലം, ലാഭം എന്നിങ്ങനെ പറഞ്ഞ് കൈമാറും. തുടർന്ന് വിശ്വാസം ജനിപ്പിച്ചശേഷം വലിയ തുകകൾ നിക്ഷേപിപ്പിക്കും. ഇതിന്റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, മറ്റ് ടാക്‌സുകൾ എന്നീ പേരുകളിൽ കൂടുതൽ തുക വാങ്ങി കബളിപ്പിക്കുകയാണ് ഇവരുടെ രീതി.

തട്ടിപ്പ് നടത്തുന്നതിനായി സാധാരണക്കാരെക്കൊണ്ട് കറന്റ്‌ അക്കൗണ്ട് എടുപ്പിക്കുന്നു. ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് പ്രതിയും സംഘവുമാണ്. പിടിക്കപ്പെട്ടാൽ അന്വേഷണം തങ്ങളിലേയ്ക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഇത്തരം നാൽപ്പത്തിയഞ്ചോളം അക്കൗണ്ടുകളാണ് ചതിയിലൂടെ സ്വന്തമാക്കിയത്. ഇവയിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പറ്റിക്കപ്പെടുന്നവർ പണം നിക്ഷേപിക്കുന്നത്. 250 കോടിയിലേറെ രൂപ ഇത്തരത്തിൽ പല അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്തുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

ചൈനയിൽ നിന്ന് പ്രവർത്തിക്കുന്ന സംഘം, അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്‌റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. ബംഗളൂരു സിറ്റി സൈബർ പോലീസിൽ പ്രതിക്കെതിരെ കേസുകളുണ്ട്.എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ബി ലത്തീഫ്, എസ് ഐ പി ജി അനൂപ്, എഎസ്‌ഐ റെനിൽ വർഗീസ്, സീനിയർ സിപിഒമാരായ വികാസ് മണി, ലിജോ ജോസ്, ജെറി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Read Also: ഇന്ത്യാ സന്ദർശനത്തിനായി നാസ അഡ്മിനിസ്ട്രേറ്റർ എത്തുന്നു, ലക്ഷ്യമിടുന്നത് വമ്പൻ പദ്ധതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button