കോട്ടയം: കറുകച്ചാലിലെ ഹോട്ടലുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കറുകച്ചാലിൽ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ഹോട്ടൽ ജീവനക്കാരാനായ ജോസ് കെ തോമസ് കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ഹോട്ടലിന്റെ സഹ ഉടമയായ യുവതിയുടെ പക. ഹോട്ടലിന്റെ പാർട്ണറായ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഹോട്ടൽ ജീവനക്കാരനായ ജോസ് കെ തോമസുമായി അടുപ്പത്തിലായിരുന്നു.
ഇത് ചോദ്യം ചെയ്തതിലുള്ള പകയിലാണ് ഹോട്ടലുടമ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സോണിയയേയും ഭർത്താവ് റെജിയേയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൊലപാതകിയായ ജോസ് കെ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സോണിയയും മരിച്ച രഞ്ജിത്തും ചേർന്നാണ് ഹോട്ടൽ നടത്തിയിരുന്നത്. ഈ മാസം പതിനഞ്ചിനാണ് ഹോട്ടൽ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലിൽ ജീവനക്കാരനായ ജോസ് കെ തോമസ് കുത്തി കൊന്നത്.
സോണിയയും ജോലിക്കാരനും തമ്മിലുള്ള അടുപ്പം ചോദ്യം ചെയ്തതോടെ, ജോസ് കെ തോമസും രഞ്ജിത്തും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും ഇതിനിടെ പ്രകോപിതനായ ജോലിക്കാരൻ കത്തിയെടുത്ത് രഞ്ജിത്തിനെ കുത്തുകയുമായിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയുമായിരുന്നു. രഞ്ജിത്തിനെ വകവരുത്താൻ സോണിയയും റെജിയും ചേർന്ന് ജോസ് കെ തോമസിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് യുവതിയെയും ഭർത്താവിനെയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്തത്.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ സോണിയയുടെ പേരിൽ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Post Your Comments