തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം മുന്‍ നേതാവും കോൺട്രാക്ടറുമായ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീധന്യ കണ്‍സ്ട്രക്ഷനില്‍ നടന്ന ആദായ നികുതി റെയ്ഡില്‍ 360 കോടിയുടെ കണക്കില്‍ പെടാത്ത ഇടപാടുകള്‍ കണ്ടെത്തി. ആദായ നികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടിന്റെ വിവരങ്ങള്‍ ഉടന്‍ ഇഡിക്ക് കൈമാറും.
ഇല്ലാത്ത ചിലവുകള്‍ കാണിച്ചു നികുതി വെട്ടിപ്പിലൂടെ സമ്പാദിച്ച തുക റിയില്‍ എസ്റ്റേറ്റിലും വിദേശത്തും നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. 360 കോടിയുടെ ഇടപാടുകളുടെ വ്യക്തമായ കണക്കുകള്‍ ഇന്‍കംടാക്‌സിന് മുമ്പില്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞില്ല.
ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരില്‍ ബില്ലുകളുണ്ടാക്കി 120 കോടി രൂപ വെട്ടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. 100 കോടി രൂപ അനധികൃതമായി വിദേശത്ത് നിക്ഷേപിച്ചതും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നത് കൊണ്ടാണ് ഇഡിക്ക് കൈമാറുന്നത്. നേരത്തെ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ വീട്ടില്‍ നിന്നും രണ്ടുകോടി രൂപയും കണ്ടെടുത്തിരുന്നു.
Leave a Comment