കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്ന് പേരെയും തിരിച്ചറിഞ്ഞു. മരണപ്പെട്ടവരിൽ മൂന്ന് പേരും കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥികളാണ്. സിവിൽ എൻജിനീയറിങ് രണ്ടാം വർഷം വിദ്യാർത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാം വർഷ വിദ്യാർത്ഥിനികളായ നോർത്ത് പറവർ സ്വദേശിനി ആൻ റുഫ്ത, കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിനി സാറാ തോമസ് തുടങ്ങിയവരാണ് മരണപ്പെട്ടത്.
മരിച്ചതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് ആസ്റ്റംർ മെഡിസിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. വിദ്യാർത്ഥികൾ പരിപാടി കാണുന്നതിനിടെ മഴ പെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു.
കുസാറ്റിൽ നടന്ന ദുരന്തത്തെ തുടർന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ് ഒഴിവാക്കി കൂടുതൽ മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വീണാ ജോർജ്ജ് എന്നിവരാണ് കളമശ്ശേരിയിലേക്ക് തിരിച്ചത്. ഇവർക്കൊപ്പം കൂടുതൽ മന്ത്രിമാരും സ്ഥലത്തെത്തിയേക്കുമെന്നാണ് വിവരം.
Post Your Comments