കോഴിക്കോട്: സഭയെ വിമര്‍ശിച്ചെന്നാരോപിച്ച് വൈദികന് മത-സാമൂഹ്യ ഊരുവിലക്കേര്‍പ്പെടുത്തി കത്തോലിക്ക സഭ. താമരശ്ശേരി രൂപതയാണ് ഫാ. അജി പുതിയ പറമ്പിലിനെ വിലക്കിയത്. ഇത് സംബന്ധിച്ച് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഉത്തരവിറക്കി.
പരസ്യമായ കുര്‍ബാന പാടില്ല, ഒരാളുടെ മരണസമയത്ത് അല്ലാതെ മറ്റാരേയും കുമ്പസരിപ്പിക്കാന്‍ പാടില്ല, കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല, വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാന്‍ പാടില്ല, പിതൃഭവനം, മത മേലധികാരി, കാനന്‍ നിയമ പണ്ഡിതന്‍ എന്നിവരെ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ, മറ്റാരെയെങ്കിലും സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം.
കൂടാതെ, സാമൂഹിക മാധ്യമങ്ങളില്‍ യാതൊന്നും എഴുതാന്‍ പാടില്ല, ടി വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പൊതുയോഗങ്ങളില്‍ പങ്കെടുക്കരുത്, പൊതു വേദികളില്‍ പ്രസംഗിക്കരുത് എന്നിങ്ങനെയാണ് വിലക്ക്. ഫാ. അജി പുതിയപറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുന്നതിനാലാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കുക, വിശ്വാസികളുടെ ഇടയില്‍ എതിര്‍പ്പ് ഒഴിവാക്കുക എന്നിവയാണ് വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള കാരണമായി പറയുന്നത്.
ഈ വിലക്കുകള്‍ക്കെതിരേ സഭയുടെ ഉപരിഘടകങ്ങളില്‍ അപ്പീല്‍ നല്‍കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച് സിറോ മലബാര്‍ സഭ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാദര്‍ അജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. സഭാ വിലക്ക് അംഗീകരിക്കില്ലെന്ന് ഫാ. അജി പുതിയാപറമ്പില്‍ പറഞ്ഞു.
Post Your Comments