ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പാക് ഭീകരരിൽ ഒരാൾ
ലഷ്‌കറെ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ആയ ഖാരിയെന്ന് റിപ്പോർട്ട്. 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഖാരിയെയും മറ്റൊരു ഭീകരനെയും സൈന്യം കൊലപ്പെടുത്തിയത്. മേഖലയിലെ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനാണ് ഇയാൾ മറ്റൊരു ഭീകരവാദിക്കൊപ്പം ഇന്ത്യയിലേക്ക് വന്നത്.
ഐഇഡിയിൽ വിദഗ്ധനും ഗുഹകളിൽ ഒളിച്ചിരിക്കുന്നതിന് പരിശീലനം ലഭിച്ച സ്‌നൈപ്പറുമാണ് കൂടെയുള്ള ആൾ. ഇയാളെയും സൈന്യം ആക്രമണത്തിലൂടെ കൊലപ്പെടുത്തി. ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാൻ, അഫ്ഗാൻ മുന്നണികളിൽ പരിശീലനം നേടിയയാളാണ് ഇയാൾ. ലഷ്‌കറെ ത്വയ്ബയുടെ ഉന്നത റാങ്കിലുള്ള ഭീകര നേതാവാണ് കൊല്ലപ്പെട്ട ഖാരി. കഴിഞ്ഞ ഒരു വർഷമായി തന്റെ സംഘത്തോടൊപ്പം രജൗരി-പൂഞ്ചിൽ സജീവമായിരുന്നു ഇയാൾ. ഡാൻഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഖാരി.
രജൗരിയിലെ കലകോട്ട് വനമേഖലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ഷികോത്സയിൽ ആയിരുന്ന മറ്റൊരു സൈനികൻ ഇന്ന് വീരമൃത്യു വരിച്ചു. ഭക്ഷണം നിഷേധിച്ചതിന് ബജിമാൽ ഗ്രാമത്തിലെ ഗുജ്ജാർ എന്ന മനുഷ്യനെ തീവ്രവാദികൾ മർദിച്ചതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ ഓപ്പറേഷൻ ആരംഭിച്ചത്. ഗ്രാമവാസികൾ സംഭവം സുരക്ഷാ സേനയെ അറിയിക്കുകയും ഒടുവിൽ പ്രദേശത്ത് വൻതോതിലുള്ള തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
Post Your Comments