![](/wp-content/uploads/2023/11/rahul-gandhi.jpg)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്.
പ്രധാനമന്ത്രിയെ ‘ദുശ്ശകുന’മെന്നും ‘പോക്കറ്റടിക്കാരൻ’ എന്നും വിളിച്ച് ആക്ഷേപിച്ച പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് നവംബർ 25ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാവാനാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ‘നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, ദുശ്ശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനിൽ ചാനലുകൾ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം,’ രാഹുൽ ഗാന്ധി പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. പോക്കറ്റടിക്കാരൻ ഒറ്റക്ക് വരില്ലെന്നായിരുന്നു രാജസ്ഥാനിലെ റാലിയിൽ രാഹുൽ ഗാന്ധിയുടെ പരാമർശം. ഒരാൾ മുമ്പിൽ നിന്ന് വരുമ്പോൾ ഒരാൾ പിന്നിൽ നിന്നും മറ്റൊരാൾ ദൂരെ നിന്നും വരും. പ്രധാനമന്ത്രി ഹിന്ദു-മുസ്‍ലിം, നോട്ട് നിരോധനം, ജിഎസ്ടി എന്നിവ പറഞ്ഞത് പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കും. ഈ സമയത്ത് അദാനി പിന്നിലൂടെയെത്തി പണം കൊള്ളയടിക്കുമെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനുമായി താരതമ്യം ചെയ്തുവെന്നും ഇന്ത്യയിലെ മുതിർന്ന നേതാവിനെ മോശം മനുഷ്യനായി ചിത്രീകരിച്ചുവെന്നും ബിജെപിയുടെ പരാതിയിൽ പറയുന്നു. പോക്കറ്റടിക്കാരൻ എന്ന് വിളിച്ചതിലൂടെ കേവലം വ്യക്തിപരമായ ആക്രമണം മാത്രമല്ല രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. വ്യക്തിഹത്യ നടത്തുകയും കൂടിയാണ് ചെയ്തിരിക്കുന്നതെന്ന് ബിജെപി പരാതിയിൽ വ്യക്തമാക്കി.
Post Your Comments