KeralaLatest NewsNews

കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട; നവകേരള സദസ്സിൽ കുട്ടികളെ എത്തിക്കാൻ നിർദേശം; വിവാദമായതോടെ മലക്കം മറിച്ചിൽ

തിരൂരങ്ങാടി: നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർത്ഥികളെ നിർബന്ധമായും എത്തിച്ചിരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വിവാദമായി. വാക്കാലുള്ള നിർദ്ദേശം വാർത്തയാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തതോടെ ഉത്തരവിൽ വിശദീകരണവുമായി ഡിഇഒ രംഗത്തെത്തി. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നാണ് ഡിഇഒ വിക്രമന്റെ വിശദീകരണം. സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികളെ നവകേരള സദസിനായി കൊണ്ടുപോകാമെന്നും അതിനുവേണ്ടി സ്‌കൂൾ ബസ് ആവശ്യമെങ്കിൽ ഉപയോഗിക്കാമെന്നുമായിരുന്നു നിർദ്ദേശമെന്ന് വിക്രമൻ വ്യക്തമാക്കി.

ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനായിരുന്നു പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും പ്രത്യേകം നിർദേശമുണ്ട്. ഇന്നലെ തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. താനൂർ മണ്ഡലത്തിലെ സ്കൂളുകൾ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകൾ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിർദേശം.

വിദ്യാർഥികളെ സ്കൂളുകളിൽനിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകർ ചോദ്യം ചെയ്തപ്പോൾ മുകളിൽനിന്നുള്ള നിർദേശമാണെന്നും തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു ഡി.ഇ.ഒ പറഞ്ഞത്. വിദ്യാർഥികളെ പുറത്ത് കൊണ്ടുപോകുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വേണമെന്നിരിക്കെയാണ് ഈ നീക്കം. എന്നാൽ വിവാദം ഉയർന്നതോടെ ഡിഇഒ മലക്കം മറിയുകയായിരുന്നു. നവകേരള സദസിനായി സംഘാടകർ ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവ് നേരത്തെ വിവാദമായിരുന്നു. തുടർന്ന് വിഷയം ഹൈക്കോടതിയിലെത്തിയതോടെ ഉത്തരവ് സ്‌റ്റേ ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂൾ കുട്ടികളെ വേണമെന്ന നിർദ്ദേശമെത്തിയത്. അതും വിവാദമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button