
പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ റോബിന്‍ ബസ് സർവീസ് പുനരാരംഭിച്ചതോടെ മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച ബസാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച യാത്രയാണ് എം.വി.ഡി. ഉദ്യോഗസ്ഥരെത്തി തടഞ്ഞത്.
സർവീസ് ആരംഭിച്ച് 250 മീറ്റർ പിന്നിട്ടതോടെ പോലീസിനോടൊപ്പമെത്തി എം.വി.ഡി. ഉദ്യോഗസ്ഥർ ബസ് തടഞ്ഞു. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയാണ് പിഴയിട്ടത്. അതേസമയം, പിഴയടച്ചതിന് ശേഷം വാഹനത്തിന് യാത്ര തുടരാൻ മോട്ടോർ വാഹന വകുപ്പ് അനുമതി നൽകി. വാഹനത്തിനെതിരെ നേരത്തെ രണ്ട് കേസുകളുണ്ടെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു.
കോടതി വിധി പ്രകാരം പ്രീ ബുക്കിങ് നടത്തിയ യാത്രക്കാരെ മാത്രം അനുവദിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയതാണ്. എന്നാൽ, വാഹനത്തിൽ ഇന്ന് കയറിയ യാത്രക്കാരുണ്ട്. പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിട്ടതിന് ശേഷമാണ് വാഹനം വിട്ട് നൽകിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ‘എന്നാൽ, കോടതിയോടുള്ള വെല്ലുവിളിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് ബസ് ഉടമ ബേബി ഗിരീഷ് ആരോപിച്ചു.
‘ഹൈക്കോടതി ഉത്തരവ് ലഭിക്കുമെന്ന് ഇവർ വിചാരിച്ചിരുന്നില്ല. അതിന്റെ ഫ്രസ്‌ട്രേഷനാണ് ഇവർ തീർക്കുന്നത്.’ കെ.എസ്.ആർ.ടി.സി പരിശോധിക്കാനുള്ള ആർജവം ഇവർക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമ ലംഘനം ചൂണ്ടിക്കാട്ടി മുന്‍പു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു.
Post Your Comments