പട്ടാമ്പി: ശബരിമല തീർഥാടകർക്ക് സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ആപ്പ് വഴി സഹായം ലഭിക്കും. 2023-24 വർഷത്തെ ‘മണ്ഡല മകരവിളക്ക് ഉത്സവ’ത്തിന്റെ ഭാഗമായി തീർഥാടകരെ സഹായിക്കുന്നതിനായി വനംവകുപ്പ് ‘അയ്യൻ’ എന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചത്.
ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പ് നൽകുന്നു. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ- നീലിമല- സന്നിധാനം, എരുമേലി- അഴുത കടവ്- പമ്പ, സത്രം- ഉപ്പുപാറ- സന്നിധാനം റൂട്ടുകളിൽ ലഭ്യമാകുന്ന സേവനങ്ങൾ ഈ ആപ്പ് വഴി അറിയാനാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന ‘അയ്യൻ’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ലഭ്യമാണ്. കാനന പാതയുടെ ഗേറ്റുകളിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാം.
തീർഥാടകർ പാലിക്കേണ്ട പൊതു മാർഗനിർദേശങ്ങളും പെരിയാർ വന്യജീവി സങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. എമർജൻസി നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാനനപാതയിൽ പലയിടത്തും ഇന്റർനെറ്റ് സേവനമോ ഫോൺ സിഗ്നലോ ഇല്ല. ഈ പ്രശ്നത്തിന് പരിഹാരമായി, ‘അയ്യൻ’ ആപ്പ് ഓൺലൈനിലും ഓഫ്‌ലൈനിലും പ്രവർത്തിക്കും. തീർത്ഥാടകർക്ക് അവരുടെ തിരഞ്ഞെടുത്ത റൂട്ടുകളെ അടിസ്ഥാനമാക്കി വിവിധ അലേർട്ടുകളും ആപ്പിൽ നിന്ന് ലഭിക്കും.
Post Your Comments