പാലോട്: ഒരേവീട്ടിൽ നിരന്തരം കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്ത് വീട്ടിൽ അഭിലാഷ് (18), പെരിങ്ങമ്മല ബൗണ്ടർ മുക്ക് മീരാൻ വെട്ടികരിക്കകം ബ്ലോക്ക് നമ്പർ 09-ൽ മിഥുൻ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പാലോട് മത്തായിക്കോണത്തുള്ള രാജ് ഭവനിൽ സ്മിതയുടെ വീട്ടിൽ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുതവണയാണ് പ്രതികൾ മോഷണം നടത്തിയത്. ഭർത്താവ് ജോലിക്ക് പോകുന്ന സമയങ്ങളിൽ സ്മിതയെയും കുട്ടികളെയും കുടുംബവീട്ടിൽ താമസിപ്പിക്കുമെന്ന് മനസിലാക്കിയ പ്രതികൾ തുടർച്ചയായി മൂന്ന് തവണ കവർച്ച നടത്തുകയായിരുന്നു.
മോഷണം നടത്തിയെടുത്ത സ്വർണാഭരണങ്ങൾ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. മോഷണം ചെയ്തെടുക്കുന്ന പണം ഉല്ലാസ യാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments