തൃശൂർ: തൃശൂരില്‍ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ മൂന്ന് പേര്‍ അറസ്റ്റിൽ. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. വിലകൂടിയ വാച്ചുകളും വീട്ടുപകരണങ്ങളും കാറിന്റെ ബാറ്ററിയും ആണ് പ്രതികൾ മോഷ്ടിച്ചത്.
തൃശൂർ ശൃംഗപുരത്ത് ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മാസമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റുമായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പത്തോളം പേരുടെ സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു.
വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments