യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി യൂറോപ്യൻ യൂണിയൻ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഷെങ്കൻ വിസ അപേക്ഷ ഡിജിറ്റലാക്കാനാണ് തീരുമാനം. ഇതോടെ, ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയ മുഴുവനും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറും. അപേക്ഷകൾ ഡിജിറ്റലായി സമർപ്പിക്കുന്നതിനാൽ, വിസ അപേക്ഷകർക്ക് അവരുടെ പാസ്പോർട്ടിൽ സ്റ്റിക്കർ പതിപ്പിക്കുന്ന സമ്പ്രദായവും ഇതോടെ ഒഴിവാകും. കോൺസുലേറ്റ് അല്ലെങ്കിൽ സേവന ദാതാക്കളുടെ സഹായം ഇല്ലാതെ തന്നെ വിസ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതിലൂടെ നടപടിക്രമങ്ങൾ വളരെ ലളിതമായി പൂർത്തീകരിക്കാൻ കഴിയുന്നതാണ്. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ് എന്നിവയ്ക്കൊപ്പം 27 യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളിൽ 23 എണ്ണവും ഷെങ്കനിൽ ഉൾപ്പെടുന്നു. 90 ദിവസത്തിൽ കൂടാത്ത, ഹ്രസ്വവും താൽക്കാലികവുമായ താമസത്തിനോ, ഷെങ്കൻ ഏരിയയിലൂടെയുള്ള യാത്രയ്ക്കോ വേണ്ടിയാണ് യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ നിർബന്ധമാക്കിയിട്ടുള്ളത്. ഒരു വിസയ്ക്ക് ഏത് ഷെങ്കൻ രാജ്യത്തും സാധുതയുണ്ട്. എന്നാൽ, ആദ്യം പ്രവേശിക്കുന്ന രാജ്യത്താണ് വിസയ്ക്ക് അപേക്ഷ നൽകേണ്ടത്. നിലവിലെ സാഹചര്യത്തിൽ 15 ദിവസം മുൻപ് അപേക്ഷ നൽകി കാത്തിരുന്നാൽ മാത്രമാണ് ഷെങ്കൻ വിസ ലഭിക്കുകയുള്ളൂ. ഇനി അപേക്ഷകൾ ഓൺലൈനാകുന്നതോടെ ദിവസങ്ങൾ നീളുന്ന കാത്തിരിപ്പ് ഒഴിവാക്കാൻ കഴിയുന്നതാണ്.
Also Read: വാടക വീട്ടില് നിന്നു പിടിച്ചെടുത്തത് 20 കിലയോളം കഞ്ചാവ്: ഒരാൾ കസ്റ്റഡിയിൽ
Post Your Comments