മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വാടക വീട്ടില്‍ നിന്നു 20 കിലയോളം കഞ്ചാവ് പൊലീസ് പിടികൂടി. പോത്താനിക്കാട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കടവൂര്‍ നാലാം ബ്ലോക്ക് മണിപ്പാറ സ്വദേശി കീരംപാറ വീട്ടില്‍ അനൂപ് സുകുമാരന്‍(30) ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. സ്ഥലത്തു നിന്ന് ഇയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പോത്താനിക്കാട് പുളിന്താനം ഷാപ്പുംപടിയില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. ഒരു മാസം മുമ്പാണ് അനൂപ് പോത്താനിക്കാട് സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. ഒറ്റപെട്ട വീടായതിനാല്‍ പരിസരവാസികള്‍ ആരും ഇവിടേയ്ക്ക് വരാറുണ്ടായിരുന്നില്ല. ഇതു മറയാക്കിയായിരുന്നു കഞ്ചാവ് കച്ചവടം.
Read Also : സ്പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
ഇടുക്കിയില്‍ നിന്നാണ് അനൂപിന് കഞ്ചാവ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന് സഹായിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. വില്പനയ്ക്കായി മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പോത്താനിക്കാട് സബ് ഇന്‍സ്പെക്ടര്‍ റോജി ജോര്‍ജ്, സിപിഒമാരായ ദീപു പി. കൃഷ്ണന്, കെ.എ. നിയാസുദീന്‍ എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നു.
Post Your Comments