നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ അഴിമതി വിരുദ്ധ ഏജൻസി. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾ ധനസഹായം നൽകുകയും, നിർമ്മിക്കുകയും ചെയ്ത വിമാനത്താവളമാണ് പൊഖാറ. പദ്ധതിയുടെ നിർമ്മാണ നിലവാരവും, ചെലവ് ക്രമക്കേടുകളും തുറന്നുകാട്ടിയുളള മാധ്യമ റിപ്പോർട്ടുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഈ വർഷം ജനുവരി ഒന്നിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നത്.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഇൻഫ്രസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് നേപ്പാളിൽ പൊഖാറ വിമാനത്താവളം നിർമ്മിച്ചത്. 2016- ലാണ് ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ വിമാനത്താവള നിർമ്മാണത്തിനുളള 215.96 മില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ചൈനയും നേപ്പാളും ഒപ്പുവെച്ചത്. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് ഏകദേശം ഒരു വർഷം എത്താറായപ്പോഴേക്കാണ് വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ചെറു രാജ്യങ്ങൾക്ക് വൻ തുക വായ്പ അനുവദിച്ച് ചെലവേറിയതും നിലവാരം കുറഞ്ഞതുമായി നിർമ്മാണങ്ങൾ നടത്തുന്ന ചൈനയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നേപ്പാൾ സർക്കാറിന്റെ അന്വേഷണം.
കഴിഞ്ഞ ജനുവരിയിൽ പൊഖാറയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന യതി എയർലൈൻസ് വിമാനം തകർന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർ കൊല്ലപ്പെട്ടിരുന്നു. ഗുണനിലവാരമില്ലാത്ത നിർമ്മാണത്തെ തുടർന്നാണ് ഈ അപകടം സംഭവിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. നിലവിൽ, പൊഖാറയിലേക്ക് ഇതുവരെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. ഇത് വായ്പ തിരിച്ചടവിനെ വലിയ രീതിയിൽ ബാധിക്കുന്നതാണ്.
Post Your Comments