തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊടുംകുറ്റവാളിക്ക് കോടതി വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ. കോടതി വിധി ഏറെ പ്രതീക്ഷാനിർഭരമാണെന്ന് അദ്ദേഹം പറഞ്ഞു. പിഞ്ചുബാലികയുടെ കുടുംബത്തിന്റെ നഷ്ടം ഒരിക്കലും പരിഹരിക്കാനാവില്ലെങ്കിലും കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ അതിശക്തമായ താക്കീതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ ആധുനിക സമൂഹത്തിന് ഒരുതരത്തിലും അംഗീകരിക്കാനാകുന്നതല്ല. ഇത് ഇനിയും ആവർത്തിച്ചുകൂടാ. ചുമത്തിയ എല്ലാ വകുപ്പിനും പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. അതിവേഗത്തിൽ കേസന്വേഷണം പൂർത്തിയാക്കുകയും 60 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കുകയും 110 ദിവസം കൊണ്ട് വിധിയെഴുതുകയും ചെയ്ത കേസിൽ കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകിയ അന്വേഷണസംഘവും പ്രോസിക്യൂഷനും അഭിനന്ദനമർഹിക്കുന്നു. സംസ്ഥാന സർക്കാർ മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചു. എല്ലാവേളയിലും കുടുംബത്തിനൊപ്പം നിലകൊള്ളാൻ സർക്കാർ ശ്രമിച്ചുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments