ബെംഗളൂരു: പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമാണെന്ന് സൂചന. കര്‍ണാടക ഉഡുപ്പിയിലെ നെജര്‍ ഗ്രാമത്തില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്സാന(23), അസീം(14), അയനാസ്(20) എന്നിവരാണ് കുത്തേറ്റ് മരിച്ചത്.
പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമായ അഫ്സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. 23കാരിയായ അഫ്സാനയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ഇന്നലെ ബെംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി വാക്ക് തര്‍ക്കത്തിനൊടുവില്‍ അഫ്സാനയെ ആണ് ആദ്യം കുത്തിയതെന്നാണ് വിവരം. പിന്നീട് വീട്ടമ്മയേയും ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം വീട്ടില്‍ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമി ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. 23കാരിയും അക്രമിയും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യമുണ്ടെന്ന് ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments