KeralaLatest NewsNews

‘കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നുള്ളത് വസ്തുത, കേന്ദ്രം ശ്വാസംമുട്ടിക്കുന്നു’: ധനമന്ത്രി

കൊല്ലം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഉള്ളതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയും കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷ നേതാവ് വസ്തുതപരമായി സംസാരിക്കണം. സർക്കാരിനെ അപമാനിക്കുന്ന തരത്തില്‍ എല്ലാ ദിവസവും സംസാരിക്കുകയാണ്. നിരന്തരം ഉന്നയിച്ച പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണ്. ഇപ്പോൾ ധൂർത്താണെന്നാണ് പറയുന്നത്. കേന്ദ്രം സംസ്ഥാനത്തിന് പണം തരുന്നില്ല. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തെ ശ്വാസമുട്ടിക്കുന്ന ഈ കേന്ദ്ര നടപടിക്കിടെയും ഏറ്റവും വലിയ ചിലവ് നേരിടേണ്ടിവരുമ്പോഴും അതെല്ലാം കൊടുത്തുതീര്‍ത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്.

കേരളത്തിന്‍റെ താല്പര്യം പ്രതിപക്ഷ നേതാവ് ഉയർത്തി പിടിക്കണം. കേരളത്തിന് പണം അനുവദിക്കാത്തതിനെതിരെയുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പിടാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറാകുന്നില്ല. കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരവും വിഷമകരവുമായ കാര്യമാണ്. ഒരു കര്‍ഷകനും ഇങ്ങനെ അവസ്ഥ വരുരുത്. പിആര്‍എസ് വായ്പയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. കേരളത്തില്‍ ലൈഫ് പദ്ധതി പ്രകാരം നാലു ലക്ഷം പേര്‍ക്ക് വീട് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്ര നയങ്ങളാണ്’, ധനമന്ത്രി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button