രാജ്യത്തെ പരമ്പരാഗത തൊഴിലുകൾ പരിപോഷിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പിഎം വിശ്വകർമ്മ പദ്ധതി 2 മാസത്തിനുള്ളിൽ നേടിയെടുത്തത് വൻ സ്വീകാര്യത. പരമ്പരാഗത സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5 ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ ഈട് രഹിത വായ്പയടക്കം ഒട്ടനവധി ആനുകൂല്യങ്ങളാണ് പിഎം വിശ്വകർമ്മ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പദ്ധതി ആരംഭിച്ച് രണ്ട് മാസമാകുമ്പോൾ അപേക്ഷകരുടെ എണ്ണം 14.06 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഇതിൽ 38,647 പേരുടെ ആദ്യ ഘട്ട പരിശോധനയും, 4,298 പേരുടെ രണ്ടാംഘട്ട പരിശോധനയും കഴിഞ്ഞിട്ടുണ്ട്. 151 പേരാണ് വിജയകരമായി നടപടികൾ പൂർത്തിയാക്കിയത്.
പിഎം വിശ്വകർമ്മ പദ്ധതിയുടെ യഥാർത്ഥ പലിശ നിരക്ക് 13 ശതമാനമാണ്. എന്നാൽ, ഇതിൽ 8 ശതമാനം വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. 5-7 അഞ്ച് ദിവസത്തെ നൈപുണ്യ പരിശീലനം കഴിഞ്ഞാൽ അപേക്ഷകർക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. 18 മാസം കൊണ്ട് തിരിച്ചടയ്ക്കുകയാണെങ്കിൽ പിന്നീട് 2 ലക്ഷം രൂപ കൂടി അനുവദിക്കുന്നതാണ്. ഇത് 30 മാസം കൊണ്ടാണ് തിരിച്ചടയ്ക്കേണ്ടത്. വായ്പകൾക്കു പുറമേ, തൊഴിലുപകരണങ്ങൾ വാങ്ങാൻ 15,000 രൂപയുടെ വൗച്ചറും, പ്രത്യേക നൈപുണ്യ പരിശീലനവും ലഭിക്കുന്നതാണ്.
Also Read: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ദീപാവലി ആഘോഷിച്ച് സൈന്യം
വായ്പ ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷനു ശേഷം 3 തലത്തിലുള്ള പരിശോധന ഉണ്ടാകും. തദ്ദേശ സ്ഥാപന മേധാവി, ജില്ലാ ഇംപ്ലിമെന്റേഷൻ സമിതി, ജില്ലാതല സ്ക്രീനിംഗ് സമിതി എന്നിവർ പരിശോധന നടത്തും. ഇതിനുശേഷമാണ് അപേക്ഷകൾ സ്വീകരിക്കുക. സ്വർണ പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് പിഎം വിശ്വകർമ്മ പദ്ധതിക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്.
Post Your Comments