തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറ്റ് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കണ്ടല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം കിംസിലേക്ക് മാറ്റി.
കണ്ടല ബാങ്കിലെ റെയ്ഡും പുരോഗമിക്കുകയാണ്. റെയ്ഡ് പൂര്‍ത്തിയായ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കൂടി പരിശോധിച്ചാണ് ഭാസുരാംഗനെ ചോദ്യം ചെയ്തിരുന്നത്. റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു.ഭാസുരാംഗന്റെ രണ്ട് ഫോണുകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്.
സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍. ക്രമക്കേടില്‍ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്.
Post Your Comments