ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. ബുധനാഴ്ച എന്‍ഐഎ നടത്തിയ റെയ്ഡുകളില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 44 പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ, കേന്ദ്ര അന്വേഷണ ഏജന്‍സി ഒന്നിലധികം സ്ഥലങ്ങളില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ അഞ്ച് താവളങ്ങളും തകര്‍ത്തു.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും (ബിഎസ്എഫ്) സംസ്ഥാന പോലീസ് സേനയുടെയും സംയുക്ത സഹകരണത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അനധികൃത മനുഷ്യക്കടത്ത് ശൃംഖലകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്.
ഗുവാഹത്തി, ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍ എന്നിവിടങ്ങളിലെ എന്‍ഐഎ ഓഫീസുകളില്‍ നാല് മനുഷ്യക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ്, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 55 സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകള്‍ നടത്തിയത്.
ത്രിപുര, അസം, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, പുതുച്ചേരി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് അസം പോലീസിന്റെ പ്രത്യേക ദൗത്യ സേന (എസ്ടിഎഫ്) മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റോഹിങ്ക്യന്‍ വംശജര്‍ ഉള്‍പ്പെടെ, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിന് ഉത്തരവാദികളായ മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടാണിതെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments