ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജയ്പൂരില്‍ നടന്ന ‘കോണ്‍ഗ്രസ് ഗ്യാരണ്ടി യാത്ര’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ ഇംഗ്ലീഷ് പഠിച്ചാൽ നല്ല ഭാവിയുണ്ടാകുമെന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
അധികാരം നിലനിര്‍ത്തിയാല്‍ നടപ്പാക്കുന്ന ‘ഏഴ് ഉറപ്പുകളിലാണ്’ കോണ്‍ഗ്രസ് ഇംഗ്ലീഷ് ഭാഷാപഠനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൃഹനാഥയ്ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയം, 1.05 കോടി കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍, കന്നുകാലികളെ വളര്‍ത്തുന്നവരില്‍ നിന്ന് കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് ചാണകം വാങ്ങുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിക്കുള്ള നിയമം, സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പോ ടാബോ, ഓരോ കുടുംബത്തിനും പ്രകൃതിദുരന്തങ്ങളില്‍ പെട്ടാല്‍ 15 ലക്ഷം രൂപ വരെ ലഭിക്കാവുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയാണ് ഏഴ് ഉറപ്പുകള്‍.
യുവാക്കള്‍ക്ക് ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസത്തിനുള്ള പങ്ക് എടുത്ത് പറഞ്ഞായിരുന്നു ഗെലോട്ടിന്റെ പ്രഖ്യാപനം. ‘കുട്ടിക്കാലത്ത് ഞാനും ഇംഗ്ലീഷ് പഠനത്തെ എതിര്‍ത്തിരുന്നു. ആ കാലഘട്ടം അങ്ങനെയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഹിന്ദിക്കും വടക്ക് ഇംഗ്ലീഷിനും ആളുകള്‍ എതിരായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ഇന്നൊരു ആഗോളഭാഷയാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ് ആധിപത്യം പുലര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പഠിച്ചാല്‍ അവര്‍ക്ക് നല്ല ഭാവിയുണ്ടാകും’ ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസിന് ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ അശോക് ഗെലോട്ട്, ബിജെപിയുടെ ശക്തി ഇഡിയാണെന്നും, തന്റെ ശക്തി ജനങ്ങളോടുള്ള ഉറപ്പാണെന്നും വ്യക്തമാക്കി.
Post Your Comments