കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ തുടക്കമാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് മലേഷ്യൻ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിക്കുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിംഗ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ആദ്യ ഘട്ടത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസുകൾ നടത്തുക. പിന്നീട് ഘട്ടം ഘട്ടമായി കൂടുതൽ ദിവസങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് തീരുമാനം.
രാത്രി 11:00 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12:00 മണിക്ക് തിരിച്ചുപോകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മലേഷ്യൻ എയർലൈൻസ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സർവീസുകൾ നടത്തുന്നത്. ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാ സൗകര്യം വേണമെന്ന് ഐടി കമ്പനികൾ ദീർഘനാളായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് മലേഷ്യൻ എയർലൈൻസിന്റെ പുതിയ നീക്കം. നിലവിൽ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, നോർത്ത് അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മലേഷ്യൻ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്.
Also Read: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവയ്പ്പ്: രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ
Post Your Comments