ആഡ് ബ്ലോക്കറുമായി ബന്ധപ്പെട്ട് യൂട്യൂബ് നിയന്ത്രണങ്ങൾക്ക് കടുപ്പിച്ചതോടെ പുതിയ നടപടിയുമായി ഉപഭോക്താക്കൾ. ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ, ഉപഭോക്താക്കൾ കൂട്ടത്തോടെയാണ് ആഡ് ബ്ലോക്കർ നീക്കം ചെയ്തിരിക്കുന്നത്. യൂട്യൂബ് വീഡിയോകൾക്കൊപ്പം കാണിച്ചിരുന്ന പരസ്യങ്ങൾ തടയുന്നതിനാണ് ഉപഭോക്താക്കൾ ആഡ് ബ്ലോക്കർ ആപ്പുകൾ വ്യാപകമായി ഉപയോഗിച്ചത്. ഏകദേശം ആയിരക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ ആഡ് ബ്ലോക്കർ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
യൂട്യൂബിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് പരസ്യങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം പരസ്യങ്ങൾ കാണുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾ തേർഡ് പാർട്ടി ആപ്പുകളുടെ സഹായം തേടിയത് യൂട്യൂബിന്റെ വരുമാനത്തെ ഗണ്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകൾ കാണുന്നതിൽ നിന്ന് വിലക്കും.
യൂട്യൂബിൽ പരസ്യങ്ങൾ ഇല്ലാതെ വീഡിയോ കാണണമെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന് നേരത്തേ തന്നെ യൂട്യൂബ് നിർദ്ദേശിച്ചിരുന്നു. അല്ലാത്തപക്ഷം, യൂട്യൂബ് നിഷ്കർഷിക്കുന്ന മുഴുവൻ പരസ്യങ്ങളും ഉപഭോക്താക്കൾ കാണേണ്ടിവരും. ഈ വർഷം ഇതുവരെ 2,200 കോടി ഡോളറിന്റെ പരസ്യം യൂട്യൂബ് വിറ്റഴിച്ചിട്ടുണ്ട്. യൂട്യൂബ് ക്രിയേറ്റർമാർക്ക് പരസ്യ വിൽപ്പനയുടെ 55 ശതമാനം വരുമാനം ദൈർഘ്യമുള്ള വീഡിയോകൾക്കും, 45 ശതമാനം വരുമാനം ഷോർട്സിനും ലഭിക്കുന്നതാണ്.
Post Your Comments