ന്യൂഡല്‍ഹി: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യയ്ക്കുമെതിരെയുള്ള കേസ് വീണ്ടും പൊടി തട്ടിയെടുത്ത മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ. ആനന്ദ് വെങ്കടേഷിനെ പ്രകീര്‍ത്തിച്ച് സുപ്രീംകോടതി. ജുഡീഷ്യല്‍ സംവിധാനത്തില്‍ അദ്ദേഹത്തെ പോലെയുള്ള ജഡ്ജിമാരുള്ളതില്‍ ദൈവത്തിന് നന്ദിയെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രിയെയും ഭാര്യയെയും കീഴ്ക്കോടതി വെറുതെവിട്ടെങ്കിലും ആ നടപടി ക്രിമിനല്‍ നീതിന്യായ സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടാണെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് കണ്ടെത്തിയിരുന്നു. വില്ലുപുരത്ത് നിന്ന് വെല്ലൂരിലെ കോടതിയിലേക്ക് കേസ് മാറ്റിയത് അടക്കം നടപടികള്‍ നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചു.
ഹൈക്കോടതിയുടെ റിവിഷൻ അധികാരം പ്രയോഗിച്ച് കേസ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വിഷയത്തില്‍ ഇടപെടാൻ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തയ്യാറായില്ല. മദ്രാസ് ഹൈക്കോടതിയില്‍ പോയി വാദം പറയൂവെന്നും വ്യക്തമാക്കി.
Post Your Comments