മാവേലിക്കര: ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ പുഴയിൽ ചാടിയ യുവാവിന്റെയും മൃതദേഹം കണ്ടെത്തിയതോടെ അനാഥയായത് ഒന്നര വയസുകാരി. പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വും ഭാര്യ ലിജി (അമ്മു-25)യും ജീവനൊടുക്കിയതോടെയാണ് ഒന്നര വയസുള്ള ആരോഹിണി നാടിന്റെ നോവായി മാറിയത്. അരുണിന്റെയും ലിജിയുടെയും ഏക മകളാണ് ആരോഹിണി.
പാലക്കാട് മണ്ണാർക്കാട് ചെത്തല്ലൂർ കൂനംപ്ലാക്കിൽ ദിലിമോന്റെ മകളാണ് ലിജി. നേരത്തേ ഗൾഫിലായിരുന്ന അരുൺബാബു നാട്ടിൽ ലോറി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൂന്നുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. അരുൺബാബുവിന്റെ ഭാര്യ ലിജി (അമ്മു-25)യെ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീടിന്റെ മുകളിലത്തെനിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ അരുൺബാബു ലിജിയെയുംകൊണ്ട് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചതോടെ ഇവിടെനിന്നും അരുണിനെ കാണാതായി.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിനുസമീപം കണ്ടെത്തിയതോടെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഞായറാഴ്ച അച്ചൻകോവിലാറ്റിൽ തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 11.30-ഓടെ വഴുവാടിക്കടവിനു സമീപമാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേന കരയ്ക്കെടുത്ത മൃതദേഹം അരുൺബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിഞ്ഞു.
കാറിനുള്ളിൽ രക്തംകൊണ്ട് ഐ ലവ് യു അമ്മുക്കുട്ടി എന്നെഴുതിയിരുന്നതും ആറ്റിലേക്കിറങ്ങുന്നഭാഗത്തു രക്തംകണ്ടതും അരുൺബാബു ആത്മഹത്യാശ്രമം നടത്തിയതായിരിക്കാമെന്ന സംശയമുണ്ടാക്കിയിരുന്നു. ആറ്റിൽ ജലനിരപ്പുയർന്നതിനാലും അടിയൊഴുക്കുള്ളതിനാലും തിരച്ചിൽ ഞായറാഴ്ച വൈകുന്നേരം അവസാനിപ്പിച്ചു. ഇവിടെനിന്നു 10 കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച മൃതദേഹം കണ്ടത്.
Post Your Comments