തിരുവനന്തപുരം: എട്ട് സിക വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തലശ്ശേരി ജില്ലാ കോടതിയിൽ സിക രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നതായി മന്ത്രി അറിയിച്ചു. പ്രദേശത്തുള്ള ഗർഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശവും മാർഗ നിർദ്ദേശങ്ങളും നൽകുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് കൂടി ജാഗ്രതാ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ഒക്ടോബർ 30ന് ആദ്യ സിക്ക കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒക്ടോബർ 31ന് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ആർആർടി സംഘവും പ്രദേശം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. തുടർന്ന് സംഘം നവംബർ 1, 2, 5 തീയതികളിലും സന്ദർശിച്ചു. നവംബർ ഒന്നിന് ജില്ലാ കോടതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതിൽ 55 പേർ പങ്കെടുത്തു. 24 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. നവംബർ രണ്ടിന് കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും വിദഗ്ധ മെഡിക്കൽ സംഘം സ്ഥലം സന്ദർശിച്ചതായി മന്ത്രി വിശദീകരിച്ചു.
സിക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ നടത്തി. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാർവ സർവേ നടത്തി. ഈഡിസ് ലാർവകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്ക് പുറത്ത് ആരോഗ്യ പ്രവർത്തകർ 104 വീടുകൾ സന്ദർശിച്ചു. ഇതുകൂടാതെ നവംബർ 5ന് ഫോഗിംഗ്, സോഴ്സ് റിഡക്ഷൻ, എന്റോമോളജിക്കൽ സർവേ എന്നിവ നടത്തിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Post Your Comments