കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വൈവിധ്യവുമായി കനകക്കുന്നിലെ കേരളീയം വിപണനമേള. അടുക്കള ഉപകരണങ്ങള്‍ മുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വരെയുള്ള 50 സ്റ്റാളുകളുമായാണ് കുടുംബശ്രീ കേരളീയത്തിന്റെ ആകര്‍ഷണകേന്ദ്രമാകുന്നത്. ആയുര്‍വേദ ഉത്പന്നങ്ങള്‍, കുത്താന്‍പുള്ളി കൈത്തറി, മറയൂര്‍ ശര്‍ക്കര, ഹല്‍വകള്‍, ദാഹശമനികള്‍, തേന്‍, ചെടികള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ഉല്‍പ്പന്നങ്ങളാണ് സ്റ്റാളുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രവേശന കവാടത്തിലുള്ള പൂന്തോട്ടത്തില്‍ ആയിരത്തോളം ചെടികളും ഒരുക്കിയിട്ടുണ്ട്.
ജാതിക്കയുടെ നൂറോളം സ്‌ക്വാഷുകള്‍, നൂറ്റെണ്‍പതോളം അച്ചാറുകള്‍, തേന്‍ ജാതിക്ക, ജാതിക്ക ജാം, ഇഞ്ചി നാരങ്ങ, തുടങ്ങി വ്യത്യസ്തമായ പുതു രുചികള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുകയാണ് ഇവിടെ. വന്‍ തേന്‍, ചെറു തേന്‍, ഇറ്റാലിയന്‍ തേനീച്ചയുടെ തേന്‍, സൂര്യകാന്തി തേന്‍ തുടങ്ങി തേനൂറും വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. ചാമ, വരക്, മാനിച്ചോളം, തിന ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളും മേളയ്ക്ക് മാറ്റുകൂട്ടുന്നു.
അട്ടപ്പാടിയിലെ ധാന്യങ്ങളും ധാന്യപ്പൊടികളും പലവിധ അവലുകളും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആലപ്പുഴ ചക്ക വിഭവങ്ങളായ ചക്കക്കുരു ചമ്മന്തി, ചക്കമില്‍ക്ക് കുക്കീസ്, ഉണക്ക ചക്ക, ചക്ക അച്ചാര്‍, ചക്കപ്പൊടി, ചക്ക അലുവ, ഇടിച്ചക്ക അച്ചാര്‍ എന്നിവയും കായംകുളം മീനച്ചാറും ബ്രഹ്‌മി ഉല്‍പ്പനങ്ങളും നാവില്‍ രുചി ഉണര്‍ത്തുന്നവയാണ്. വീട്ടില്‍ തന്നെ നിര്‍മിക്കുന്ന എണ്ണകള്‍, ഫെയ്സ് പാക്കുകള്‍, ഹെയര്‍ പാക്കുകള്‍, സോപ്പുകള്‍, ലോഷനുകള്‍, വിവിധയിനം അച്ചാറുകള്‍ ചമ്മന്തിപ്പൊടികള്‍, തേന്‍, ഉപ്പേരികള്‍, ചിപ്സ്, ഡ്രൈഫുഡ്സ്, കോഴിക്കോടന്‍ ഹല്‍വകള്‍, പഴയകാല മിഠായികള്‍ എന്നിവയും വ്യത്യസ്തരുചികള്‍ തേടുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
നിലമ്പൂരില്‍ നിന്നുള്ള കളിമണ്‍ പാത്രങ്ങള്‍, കളിമണ്‍ കിളികള്‍, ധൂപങ്ങള്‍, പുട്ടുകുറ്റി, കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്ന മണ്‍പാത്രങ്ങള്‍ കൊണ്ടുണ്ടാക്കിയ പ്ലാവില, മാജിക് കൂജ, കളിപ്പാട്ടങ്ങള്‍ എന്നിവയും ബഡ്സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അമ്മമാരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നോട്ട്പാട്, വിത്തു പേന, ബാഗുകള്‍, മെഴുകുതിരി, ചെടികള്‍, പൂ ചട്ടികള്‍, എന്നിവയും കുടുംബശ്രീയുടെ വിപണന മേളക്ക് മാറ്റുകൂട്ടുന്നുണ്ട്.
ഹാന്‍ഡി ക്രാഫ്റ്റ് സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡ് പ്ലേറ്റഡ് ആഭരണങ്ങള്‍, ടൈഗര്‍ സ്റ്റോണ്‍, സാന്‍ഡ് സ്റ്റോണ്‍, ഹൈദരാബാദ് പേള്‍ ആഭരണങ്ങള്‍, മുത്തുമാലകള്‍, വളകള്‍, കമ്മലുകള്‍, മുള കൊണ്ടുള്ള ആഭരണങ്ങള്‍ ഇങ്ങനെ പോകുന്നു കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ നീണ്ടനിര.
Post Your Comments