തൊടുപുഴ: യുഡിഎഫിന്റെ കെട്ടുറപ്പും എല്‍ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ലീഗിന് പിന്നാലെ നടന്ന് സിപിഎം നാണംകെട്ടെന്നും തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സതീശൻ പറഞ്ഞു. എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വളരെ ഭംഗിയായി പറഞ്ഞു എന്നും ഇതോടെ എല്ലാം അവസാനിച്ചതായും ഇനി അതിന് പിന്നാലെ ആരും നടക്കേണ്ടെന്നും സതീശന് പറഞ്ഞു.
‘ഇല്ലെന്ന് പലപ്രാവശ്യം പറഞ്ഞിട്ടും വരൂവരൂവെന്ന് പറഞ്ഞ് സിപിഎം എന്തിനാണ് ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവില്‍കോഡ് സെമിനാറിലേക്കും ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി അന്ന് നല്കി. വീണ്ടും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാന്‍പോയി സിപിഎം നാണംകെട്ടു,’ വിഡി സതീശന് പറഞ്ഞു.
‘പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിന് ആത്മവിശ്വാസം നഷ്ടമായി. ജനങ്ങള്‍ എതിരാണെന്ന് ബോധ്യമായതുകൊണ്ടും ജനക്കൂട്ടത്തില്‍ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതുകൊണ്ടുമാണ് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ലീഗിന് പിന്നാലെ നടക്കുന്നത്,’ സതീശന് വ്യക്തമാക്കി.
Post Your Comments