അവധിക്കാലം ആഘോഷമാക്കുവാൻ പ്രത്യേക ടൂർ പാക്കേജുകൾ ഐആർസിടിസി പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ കടലിന്റെ മനോഹാരിത അടുത്തറിയാൻ യാത്രക്കാർക്ക് അവസരം നൽകുന്ന പുതിയ പാക്കേജിനെ കുറിച്ചുള്ള വിവരങ്ങളാണ് ഐആർസിടിസി പങ്കുവെച്ചിരിക്കുന്നത്. ചരിത്രം കൊണ്ടും പ്രകൃതിരമണീയത കൊണ്ടും സമ്പന്നമായ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കാണ് ഐആർസിടിസി അടുത്തതായി യാത്ര സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ മറ്റെവിടെയും കാണാൻ കഴിയാത്ത വൈവിധ്യമാർന്ന സമുദ്ര ജീവികളുടെ സാന്നിധ്യമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വ്യത്യസ്ഥമാക്കുന്നത്.
ആറ് പകലും അഞ്ച് രാത്രിയും നീളുന്നതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള യാത്ര. ദീപാവലിയോട് അനുബന്ധിച്ചാണ് ഈ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നവംബർ 6 മുതൽ 24 വരെ പ്രത്യേക നിരക്കിലുള്ള ദീപാവലി പാക്കേജുകൾ ലഭ്യമാണ്. പോർട്ട് ബ്ലെയറിൽ നിന്നാണ് ആൻഡമാൻ നിക്കോബാർ പാക്കേജ് ആരംഭിക്കുന്നത്. നവംബർ 6 മുതൽ പോർട്ട് ബ്ലെയറിൽ നിന്ന് എല്ലാ ദിവസവും ട്രെയിൻ സർവീസ് ഉണ്ടാകും.
കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ്ലോക്ക് ദ്വീപ്, കാലാപഥർ ബീച്ച്, രാധാ നഗർ ബീച്ച്, നീൽ ബീച്ച്, ലക്ഷമ്പൂർ ബീച്ച്, ഭരത് ബീച്ച് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിക്കാനാകും. ഭക്ഷണം, താമസം ഉൾപ്പെടെ 52,750 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ഡബിൾ ഒക്യുപെൻസിക്ക് 30,775 രൂപയും, ട്രിപ്പിൾ ഒക്യുപെൻസിക്ക് 27,450 രൂപയുമാണ് ചെലവാകുക. കുട്ടികൾക്ക് 13,550 രൂപയാണ് ടിക്കറ്റ് നിരക്ക്.
Post Your Comments