തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയമെന്ന് അദ്ദേഹം ചോദിച്ചു. കേരളീയം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്തും ദുർവ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും അദ്ദേഹം വിശദമാക്കി.
മനസ്സാക്ഷിയില്ലാതെ കൂട്ടിയ വെള്ളക്കരവും ഭൂനികുതിയും കെട്ടിടനികുതിയും കറണ്ട് ചാർജ്ജും കൊടുക്കാനാവാതെ കഷ്ടപ്പെടുന്നവർക്കെന്തു കേരളീയം. കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാനവിഹിതം ഇല്ലാത്തതുകൊണ്ട് അവതാളത്തിലായ തൊഴിലുറപ്പുകാർക്കും കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാനവിഹിതം കിട്ടാത്തതുകൊണ്ട് ഉച്ചക്കഞ്ഞി മുടങ്ങിയ കുട്ടികൾക്കും മോദിയുടെ വിഹിതം കിട്ടിയിട്ടും പിണറായിയുടെ വിഹിതം മുടങ്ങിയതിന്റെ പേരിൽ ജൽജീവൻ പദ്ധതി നഷ്ടമായ പാവങ്ങൾക്കുമിതെന്ത് കേരളീയമാണെന്ന് അദ്ദേഹം ചോദിക്കുന്നു.
കേരളീയം പരിപാടിയിൽ ജനസാന്നിധ്യം ഉറപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കുന്നത് അധികാര ദുർവ്യയമാണ്. സർക്കാർ ജീവനക്കാർ ഓഫീസിൽ നിന്നും പുറത്ത് പോകുന്നത് തലസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ താളം തെറ്റിക്കും. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്നത് സംസ്ഥാനത്ത് പതിവായിരിക്കുന്നു. അദ്ധ്യാപകർക്ക് ഡിഎ നൽകാനും നെൽ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില നൽകുവാനും സർക്കാരിന് സാധിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
Read Also: അന്യമതസ്ഥനെ പ്രണയിച്ച 14കാരിയായ മകളെ കൊല്ലാന്‍ ശ്രമിച്ച് പിതാവ്: കസ്റ്റഡിയിൽ
Post Your Comments