തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഒട്ടനേകം താരങ്ങൾ സൂപ്പർതാരങ്ങളാണ് എന്ന് പത്രമാധ്യമങ്ങളും ഫാൻസുകാരും വാഴ്ത്തുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഒരേയൊരു സൂപ്പർസ്റ്റാറേ തമിഴ്നാട്ടിലുള്ളു.അത് മറ്റാരുമല്ല സാക്ഷാൽ രജനികാന്ത് തന്നെയാണ്. സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്നും ലോകം മുഴുവൻ പേരും പ്രശസ്തിയും ഉള്ള നായകനിരയിലേക്ക് രജനി നടന്നു കയറിയത് വെറുതെയായിരുന്നില്ല. അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകളുടെയും അധ്വാനങ്ങളുടെയും പ്രതിഫലമായിരുന്നു സൂപ്പർസ്റ്റാർ എന്ന ആ വിളിപ്പേര്.
ഓരോ സിനിമയും റിലീസ് ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന സൂപ്പർസ്റ്റാർ എന്ന വാക്ക് കാണികളെയാകെ ഇളക്കി മറിക്കുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ കാണുവാൻ കഴിയുക. പ്രായം ഏറെ ആയെങ്കിലും ഇന്നും താനൊരു താരമാണ് എന്ന് രജനി തെളിയിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജയിലർ. ബാഷ, അണ്ണാമല, പടയപ്പ, ബാബ, ശിവാജി, എന്തിരൻ, കാല, കബാലി, ദർബാർ, ജയിലർ എന്നിങ്ങനെ ഓരോ സിനിമയുടെ പേരും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. അതുപോലെതന്നെ ഓരോ സിനിമയിലും അദ്ദേഹം പറഞ്ഞ ഡയലോഗുകൾ കാണികൾക്ക് എന്നും മനപ്പാഠമാണ്. നാലോ അഞ്ചോ തലമുറ മാറിയെങ്കിലും ബാഷ എന്ന സിനിമയിലെ പഞ്ച് ഡയലോഗുകൾ ഇപ്പോഴും ഏറെയേറെ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
read also: ശിവാജി റാവു രജനികാന്ത് ആയപ്പോൾ!! തമിഴകത്തെ സ്റ്റൈൽ മന്നന്റെ ജീവിതത്തിലൂടെ
ആക്ഷൻ മാസ് മസാല സിനിമകൾ ചെയ്യുമ്പോൾ പോലും കാല പോലെയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങളിലും രജനി ഭാഗഭാക്കാക്കുന്നുണ്ട്. തമിഴകത്ത് മാത്രമല്ല കേരളത്തിലും ആന്ധ്രയിലും കർണാടകയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചൈന പോലെയുള്ള രാജ്യങ്ങളിലും കാണികളെ ഇളക്കിമറിക്കാൻ കഴിയുന്ന ഒരു താരമാണ് രജനി.
കരിയറിൽ ബാബപോലെ അപൂർവ്വം ചില ചിത്രങ്ങളാണ് വൻപരാജയങ്ങൾ ഏറ്റുവാങ്ങിയത് എന്ന് ഒഴിച്ചാൽ രജനിയുടെ മറ്റ് ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ വിജയങ്ങൾ ആയിരുന്നു എന്ന് നമുക്ക് കാണുവാൻ കഴിയും. കോടികളുടെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ പോലും തികച്ചും സാധാരണക്കാരനായി ആളുകളോട് ഇടപെടുന്ന മേക്കപ്പില്ലാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന തികച്ചും സാധാരണക്കാരനായ ആ മനുഷ്യനെയാണ് ഇന്ത്യൻ ജനത ഒന്നടങ്കം ആരാധിച്ചു കൊണ്ടിരിക്കുന്നതും ആഘോഷിച്ചു കൊണ്ടിരിക്കുന്നതും. അതുകൊണ്ടുതന്നെ തമിഴ് സിനിമയുടെ ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ആണ് എന്ന് പറയാം
Post Your Comments