കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ 1975-ൽ വെള്ളിത്തിരയിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തിയ ശിവാജി റാവു ഇന്ന് തെന്നിത്യൻ സിനിമയിലെ സ്റ്റൈൽ മന്നനാണ്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയത് സംവിധായകൻ ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.
മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് രജിനി സിനിമാ ലോകത്ത് ശ്രദ്ധിപ്പിക്കപ്പെട്ടത്. ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയിൽ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
read also: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ പണിമുടക്കും
1980-കളാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. രജിനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായ, ബില്ല എന്ന ചിത്രം രജനിയെ നായകനാക്കി പുറത്തിറങ്ങിയത്. ഇത് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു.
ഇതിനു പിന്നലെ, മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി.
1993-ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജിനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ൽ പുറത്തിറങ്ങിയ രജിനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജിനി ജപ്പാനിൽ ജനപ്രിയനായി. 2007-ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി. ബാബാ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നു വീണപ്പോളും വിതരണക്കാർക്കും തീയേറ്റർ ഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് രജിനി ഇന്ത്യയിലെ മറ്റുതാരങ്ങൾക്കു മാതൃകയായി.
അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ച രജനി ഗർജ്ജനം എന്ന മലയാള ചിത്രത്തിൽ നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടു. 1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും താരം വേഷമിട്ടു.
ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ആരാധകർ ‘തലൈവർ’ എന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. 2000-ൽ പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ച രജനികാന്തിനെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്തിട്ടുണ്ട്. 2021-ൽ അറുപത്തിഏഴാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി.
Post Your Comments