ഭാഷാടിസ്ഥാനത്തിൽ ആന്ധ്രാപ്രദേശ് രൂപീകരണത്തിനായി നിരാഹാര സമരത്തിൽ മരിച്ച വ്യക്തിയാണ് പോറ്റി ശ്രീരാമുലു. ഇന്ന് ആന്ധ്രാപ്രദേശിന്റെ ഭാഗമായ, പഴയ മദ്രാസ് സംസ്ഥാനത്തിലെ നെല്ലൂർ ജില്ലയിൽ ഗുരവയ്യയുടെയും മഹാലക്ഷ്മമ്മയുടെയും മകനായാണ് പോറ്റി ശ്രീരാമുലുവിന്റെ ജനനം. ചെന്നൈയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് മുംബൈയിൽ എഞ്ചിനീയറിംഗ് പഠിച്ചു. കുറച്ചുകാലം ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേയിൽ പ്രവർത്തിച്ചു. 25 വയസ്സുള്ളപ്പോൾ ഭാര്യ മരിച്ചതിനെത്തുടർന്ന് അദ്ദേഹം മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിൽ ചേർന്നു. അദ്ദേഹം ഒരു സമർപ്പിത പ്രവർത്തകനായിരുന്നു, ‘ശ്രീരാമുലുവിനെപ്പോലെ പതിനൊന്ന് അനുയായികൾ കൂടി എനിക്കുണ്ടെങ്കിൽ മാത്രം ഞാൻ ഒരു വർഷത്തിനുള്ളിൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടും’ എന്ന് ഗാന്ധി അദ്ദേഹത്തെ കുറിച്ച് പറഞ്ഞതായി പറയപ്പെടുന്നു. 1946-ൽ അദ്ദേഹം നെല്ലൂരിലേക്ക് മടങ്ങി, ദലിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ തുടങ്ങിയ അദ്ദേഹം ഖാദി, ഗ്രാമ വ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചു.
1946 നും 1948 നും ഇടയിൽ അദ്ദേഹം ദലിതരുടെ ക്ഷേത്രപ്രവേശനത്തിനായി നെല്ലൂരിൽ മൂന്ന് ഉപവാസങ്ങൾ നടത്തി. സ്വാതന്ത്ര്യാനന്തരം, ആധുനിക ആന്ധ്രാപ്രദേശ് (തെലങ്കാനയ്‌ക്കൊപ്പം) നൈസാമിന്റെ ഹൈദരാബാദ് സംസ്ഥാനത്തിനും മദ്രാസ് സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകൾക്കുമിടയിൽ വിഭജിക്കപ്പെട്ടു. ഈ സമയം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തെലുങ്ക് സംസാരിക്കുന്ന ജനങ്ങൾക്ക് ഒരു പ്രത്യേക സംസ്ഥാനം വേണം എന്നാൽ, സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള മദ്രാസ് സംസ്ഥാനം ഈ ആവശ്യത്തോട് പ്രത്യേകിച്ച് അനുഭാവം കാണിച്ചില്ല. പ്രത്യേകിച്ചും, മദ്രാസ് നഗരം (ഇപ്പോൾ ചെന്നൈ) ഒരു തർക്ക ഘടകമായിരുന്നതിനാൽ, തെലുങ്ക്, തമിഴ് ജനതകൾ അതിന് അവകാശവാദമുന്നയിച്ചു.
ഇതിനായി പ്രക്ഷോഭങ്ങൾ നടക്കുകയും സമരത്തിന്റെ ഭാഗമായി 1952 ഒക്‌ടോബർ 19-ന് ശ്രീരാമുലു ഉപവാസ സമരം ആരംഭിക്കുകയും ചെയ്തു.
ഈ നിരാഹാരസമയത്ത്, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആന്ധ്രാപ്രദേശ് രൂപീകരണത്തിന് തന്റെ പിന്തുണ ഉറപ്പുനൽകിയിരുന്നുവെങ്കിലും ഔപചാരികമായ പ്രസ്താവന ഇല്ലാത്തതിനാൽ ശ്രീരാമുലു നിരാഹാരം തുടർന്നു. ആന്ധ്രാ മേഖലയിൽ പ്രക്ഷോഭങ്ങൾ തുടരുകയും ശ്രീരാമുലുവിന്റെ നിരാഹാരം പൊതുജന അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. ഒടുവിൽ, 58 ദിവസത്തെ നിരാഹാരത്തിന് ശേഷം 1952 ഡിസംബർ 15-ന് അദ്ദേഹം മരിച്ചു. ഇത് ആന്ധ്രയിലെ പല പ്രദേശങ്ങളിലും വ്യാപകമായ കലാപത്തിനും അക്രമത്തിനും കാരണമായി. പോലീസ് നടത്തിയ വെടിവെപ്പിൽ ഏതാനും പേർ കൊല്ലപ്പെട്ടു. നാല് ദിവസം കൂടി പ്രതിഷേധം തുടരുകയും ഡിസംബർ 29ന് പ്രത്യേക ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം നെഹ്‌റു പ്രഖ്യാപിക്കുകയും ചെയ്തു. അതനുസരിച്ച് 1953 ഒക്‌ടോബർ 1ന് കുർണൂലിൽ ആസ്ഥാനമാക്കി ആന്ധ്രാ സംസ്ഥാനം രൂപീകരിച്ചു. പിന്നീട്, സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച്, ഈ ആന്ധ്രാ സംസ്ഥാനം ഹൈദരാബാദുമായി ലയിപ്പിച്ച് ആന്ധ്രാപ്രദേശ് രൂപീകരിച്ചു. ഹൈദരാബാദിലെ കന്നഡ, മറാത്തി സംസാരിക്കുന്ന പ്രദേശങ്ങൾ യഥാക്രമം മൈസൂർ സംസ്ഥാനത്തോടും ബോംബെ സംസ്ഥാനത്തോടും ലയിച്ചു. പിന്നീട് 2014-ൽ ആന്ധ്രപ്രദേശ് വിഭജിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി. ശ്രീരാമുലു മരിച്ച വീട് ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരാണ് സംരക്ഷിച്ചിരിക്കുന്നത്. ആന്ധ്രയുടെ ലക്ഷ്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ ത്യാഗത്തിന് അദ്ദേഹത്തിന് ‘അമരജീവി’ എന്ന പദവി ലഭിച്ചു.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം പ്രാദേശിക ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനുമുള്ള സുപ്രധാന ചുവടുവയ്പായിരുന്നു.
Post Your Comments