കിളികൊല്ലൂർ: മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽനിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അഞ്ചാലുംമൂട് പ്രാക്കുളം, ചരുവിള പടിഞ്ഞാറ്റതിൽ സിനി(32)യാണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : വ്ലോഗര്‍ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി നിർമ്മാതാക്കൾ
പല സഹകരണ ബാങ്കുകളിലായി 191.9 ഗ്രാം തൂക്കം വരുന്ന 23 വ്യാജ സ്വർണവളകൾ പണയം വെച്ച് 7,80,000 രൂപ തട്ടിയെടുത്ത കേസിൽ കൊറ്റങ്കര പുതുവൽ പുത്തൻവീട്ടിൽ ജയപ്രകാശ് ശ്യാംകുമാർ (33) നേരത്തേ പിടിയിലായിരുന്നു. ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായാണ് സിനി പിടിയിലായത്. ശ്യാംകുമാറിന് പണയം വെക്കാനുള്ള വ്യാജ സ്വർണം നൽകിയത് സിനിയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. സഹകരണ ബാങ്കിലെ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന്, പണയംവെച്ച ആഭരണങ്ങൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.
തുടർന്ന്, കിളികൊല്ലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, നിസാം, എ.എസ്.ഐ ബിന്ദുമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments