Latest NewsArticleKeralaNews

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയെക്കുറിച്ചറിയാം

മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൗഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016-ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.

ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. ‘ആഴം’ + ‘പുഴ’ (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു.

Read Also : പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസ് നേതാവ് ഓൺലൈൻ വഴി പ്രസംഗിച്ച സംഭവം: കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പൊലീസ്

ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടിൽ നിന്നും എന്നാണ്‌ സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അതിനടുത്തുള്ള ആലപ്പുഴയിൽ പ്രധാനമായ ഒരു തുറമുഖമായിരുന്നു എന്ന് പെരിപ്ലസ് എന്ന കൃതിയിൽ നിന്നും മനസ്സിലാക്കാം. എ,ഡി. 80-ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ ഈ കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ‘കൊട്ടണാരെ’ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതി ചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു. ഇത് ആലപ്പുഴയിലാണ്. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു

അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു. ആലപ്പുഴയുടെ തീരപ്രദേശങ്ങളായ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല എന്നീ ഭാഗങ്ങൾ ക്രി.വ. 2-നു മുൻപ് അറബിക്കടലിനടിയിലായിരുന്നുവെന്നും അക്കാലത്ത് അറബിക്കടലിന്റെ അതിരു വേമ്പനാട്ടു കായലിന്റെ കിഴക്കൻ ഭാഗങ്ങളായിരുന്നു എന്നും ഭൗമശാസ്ത്രഞ്ജർ വിലയിരുത്തിയുട്ടുണ്ട്. ഉണ്ണുനീലി സന്ദേശം എന്ന സംഘകാലകൃതിയിൽ നിന്നും ഇക്കാലത്തെ ഭൂപ്രകൃതിയെക്കുറിച്ചുള്ള അവഗാഹം ലഭിക്കുന്നുണ്ട്.

കേരളത്തിന്റെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.

കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.

പുരാതന നിർമ്മിതികളായ നിരവധി പാലങ്ങളുടെ നാടുകൂടിയാണ് ആലപ്പുഴ. കറുത്തകാളിപ്പാലം പോലുള്ള പാളങ്ങൾ കനമേറിയ കരുത്തുറ്റ തടിപ്പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് മാത്രമാണത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. തലമുറകൾക്ക് മുമ്പ് നിർമ്മിച്ച തുണിപൊക്കിപ്പാലം, മൂന്ന് കരകളെ ബന്ധിപ്പിക്കുന്ന മുപ്പാലം തുടങ്ങി നിരവധി പാലങ്ങൾ വാസ്തുവിദഗ്ദ്ധർക്ക് ഇന്നും അത്ഭുതമായി തുടരുന്നു. കപ്പലിൽ നിന്നും ചരക്കുകൾ കരയിലേയ്ക്ക് എത്തിച്ചിരുന്നത് ചിലങ്കകൾ എന്നറിയപ്പെട്ടിരുന്ന വലിയ വള്ളങ്ങളിലായിരുന്നു. കരയിലെത്തിച്ച ചരക്കുകൾ കടലോരത്ത് തന്നെയുള്ള വലിയ ഗോഡൗണുകളിൽ സംഭരിച്ച് കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്‌ക്കെത്തിച്ചിരുന്നത് നഗരത്തിന്റെ പ്രധാന ഗതാഗത സംവിധാനമായ കനാലുകളിലൂടെയായിരുന്നു. വാടൈക്കനാൽ, കൊമേഴ്‌സ്യൽ കനാൽ, ചേർത്തല കനാൽ തുടങ്ങിയ പ്രധാന കനാലുകളെല്ലാം ഗതാഗത സമ്പുഷ്ടമായിരുന്നു അക്കാലത്ത്.

ആലപ്പുഴ കടൽത്തീരത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഐഎൻ എഫ്എസി) ടി-81. മുംബൈയിലെ നേവൽ ഡോക്യാർഡിൽ 2021 ജനുവരി 28 ന് ഡീക്കമ്മീഷൻ ചെയ്ത ഒരു സൂപ്പർ ദ്വോറ എംകെ രണ്ടാമൻ ക്ലാസ് പട്രോളിംഗ് കപ്പലാണിത്. 60 ടൺ ഭാരവും 25 മീറ്റർ നീളവുമുള്ള ഈ യുദ്ധകപ്പൽ 1999 ജൂൺ 5 ന് കമ്മീഷൻ ചെയ്ത് രണ്ട് പതിറ്റാണ്ടിലധികം ഇന്ത്യൻ നാവികസേനയെ വിജയകരമായി സേവിച്ചു.

കച്ചവടത്തിനായി ആലപ്പുഴയിലെത്തിയ ഗുജറാത്തികൾ നിരവധിയായിരുന്നു. നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഗുജറാത്തിത്തെരുവ് അതിന്റെ സാക്ഷ്യമാണ്. അന്നും പ്രവർത്തിച്ചിരുന്ന വല്ലഭദാസ് കാഞ്ചി പോലുള്ള പണ്ടികശാലകൾ ഇന്നും സജീവതയോടെ നിലനിൽക്കുന്നുണ്ട്. സമ്പന്നകാലത്തെ സജീവതയോടെ നിലനിൽക്കുന്ന ജൈനക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ പുരാതന പ്രൗഢി വിളിച്ചോതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button