കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശം പുറത്ത്. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. മൂന്ന് മണിക്കൂർ മുമ്പായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങൾ അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ നടത്തിയ കൺവെൻഷനിൽ ബോംബ് സ്ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. എന്ത് സംഭവിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാൽ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്‍റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്ഫോടനം നടത്തിയത്’, മാർട്ടിൻ വീഡിയോയിൽ പറഞ്ഞു.
അതേസമയം, കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം, ഡൊമിനിക് മാര്‍ട്ടിന്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചവരുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് എഡിജിപി അജിത്ത്കുമാര്‍ പ്രതികരിച്ചത്.
Post Your Comments