ആവര്‍ത്തനങ്ങളില്‍ മടുക്കാത്ത പ്രസിദ്ധമായ ആഘോഷമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, തൃശ്ശൂര്‍ പൂരം. തേക്കിന്‍കാട് മൈതാനത്ത് വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ താള വാദ്യ വര്‍ണ്ണ ലയങ്ങളുടെ പൂരത്തിന് ഓരോ വര്‍ഷവും ആരാധകര്‍ ഏറുന്നതേയുള്ളൂ. പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂർ പൂരത്തിന്റെ വിശേഷണം. മേടമാസത്തിലെ പൂരം നക്ഷ ത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.
രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ സന്ധ്യയിലേക്ക് ഉദിച്ച് അസ്തമിക്കുമ്പോള്‍ ലക്ഷങ്ങള്‍ ആഹ്ലാദത്തിൽ ആറാടും. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്പള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്.
പൂര ദിവസം രാവിലെ 11 – ന് തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാർ, താള വാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢമായ കരിമരുന്നു പ്രയോഗം, എല്ലാത്തിനും മീതെ കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തവും ചേരുമ്പോൾ തൃശ്ശൂര്‍ പൂരം ഓരോ വര്‍ഷവും വേറിട്ട അനുഭവമാകുന്നു. മേടമാസത്തില്‍ (ഏപ്രില്‍ – മേയ്) പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം നടക്കുക. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : തൃശ്ശൂര്‍, ഒരു കിലോ മീറ്ററിനുള്ളില്‍.
അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 58 കീ. മീ.
Post Your Comments