KeralaLatest NewsNews

വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ഗ്രാമസേവാ കേന്ദ്രമെന്ന പേരിൽ സ്ഥാപനം: യുവാവ് അറസ്റ്റില്‍ 

തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി തൊടുപുഴ പൊലീസിന്റെ പിടിയില്‍. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു യുവാവ് തട്ടിപ്പ് നടത്തിയത്.

പാറത്തോട് സ്വദേശിയായ മനുവിൻറെ നേതൃത്വത്തിലുള്ള ഗ്രാമസേവ കേന്ദ്രം എന്ന സ്ഥാപനം തുടങ്ങുന്ന സൂപ്പ‍ർ മാർക്കറ്റുകളിലും ഔട്ട് സോഴ്സിംഗ് കേന്ദ്രങ്ങളിലും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

തൊടുപുഴ കേന്ദ്രീകരിച്ച് മൂന്ന് സ്ഥാപനങ്ങളാണ് തട്ടിപ്പിനായി തുറന്നത്. 8000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി എന്നായിരുന്നു വാഗ്ദാനം. സാധാരണ കുടുംബത്തിലെ സ്ത്രീകളെയാണ് തട്ടിപ്പിനായി തെരഞ്ഞെടുത്തത്. ജോലി ലഭിക്കുന്നതിന് സെക്യൂരിറ്റി തുകയായി 24000 മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നായി കൈപ്പറ്റിയത്. ഇത്തരത്തിൽ 45 സ്ത്രീകൾക്ക് പണം നഷ്ടമായി. 14 ലക്ഷം രൂപയാണ് ഇവരിൽ നിന്നും തട്ടിയെടുത്തത്. കൂടുതൽ തുക സെക്യൂരിറ്റിയായി നൽകിയാൽ ശമ്പളം കൂടുമെന്നായിരുന്നു യുവാവിന്റെ വാഗ്ദാനം.

പണം നഷ്ടമായവർ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ ആയിരുന്ന മനുവിനെ കോട്ടയം പനച്ചിക്കാട് നിന്നാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. മറ്റൊരു തട്ടിപ്പ് നടത്തുന്നാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്റെ പിടിയിലായത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. കഴിഞ്ഞ ജനുവരിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഏലപ്പാറയിൽ നിന്നും വനിത ഡോക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും മനു പ്രതിയാണ്. വാഹനം പണയത്തിൽ എടുത്ത് മറച്ചു വിറ്റതിനും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button