ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് ഉപഭോക്തൃ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് പുതിയ നിർദ്ദേശവുമായി റിസർവ് ബാങ്ക് രംഗത്ത്. വായ്പ പൂർണമായും അടച്ചുകഴിഞ്ഞിട്ടും, ക്രെഡിറ്റ് സ്കോർ കുറഞ്ഞുനിൽക്കുന്ന സംഭവങ്ങൾ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആർബിഐയുടെ ഇടപെടൽ. പലപ്പോഴും വായ്പ അടച്ചുകഴിഞ്ഞ വിവരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെ അറിയിക്കുന്നതിൽ ബാങ്കുകൾ വരുത്തുന്ന പാളിച്ചയെ തുടർന്നാണ് പലരുടെയും ക്രെഡിറ്റ് സ്കോർ പുതുക്കാൻ വൈകുന്നതെന്ന് ഇതിനോടകം ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം.
ക്രെഡിറ്റ് സ്കോർ റിപ്പോർട്ടും, അത് സംബന്ധിച്ച പരാതികളും സമയബന്ധിതമായി പരിഹരിച്ചിട്ടില്ലെങ്കിൽ പരാതിക്കാരന് ഓരോ ദിവസവും 100 രൂപ വീതം പിഴ നൽകേണ്ടതാണ്. 2024 ഏപ്രിൽ 24 മുതലാണ് ഈ മാറ്റം പ്രാബല്യത്തിലാകുകയെന്ന് ആർബിഐ വ്യക്തമാക്കി. മൂന്നാഴ്ചക്കുള്ളിൽ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെ വായ്പ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അറിയിച്ചിട്ടില്ലെങ്കിൽ, ബാങ്കുകൾ നഷ്ടപരിഹാരം നൽകേണ്ടതാണ്. ഇതിനോടൊപ്പം, വർഷത്തിലൊരിക്കൽ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ നൽകുന്ന സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് നിർബന്ധമായും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വായ്പ വിവരങ്ങൾ ബാങ്കുകളിൽ നിന്ന് ശേഖരിച്ച് അവ സൂക്ഷിച്ചുവെക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളാണ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ.
Also Read: സംസ്ഥാനത്ത് ഇന്നും മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Post Your Comments