KeralaLatest NewsNews

തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കൽ: മൈക്രോ സൈറ്റുകളുമായി കേരളാ ടൂറിസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം അനാവരണം ചെയ്യുന്നതിന് വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുമായി ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകൾ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റുകളാണ് തയ്യാറാക്കുന്നത്.

കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ച് ബഹുഭാഷാ മൈക്രോസൈറ്റാണ് തയ്യാറാക്കുന്നത്. യാത്ര, താമസ സൗകര്യങ്ങൾ, ബഹുഭാഷാ ഇ-ബ്രോഷറുകൾ തുടങ്ങി ശബരിമല തീർത്ഥാടകർക്ക് സഹായകമാകുന്ന നവീകരിച്ച മൈക്രോസൈറ്റാണ് വികസിപ്പിക്കുന്നത്.

ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഉള്ളടക്കം വികസിപ്പിച്ചുകൊണ്ടാണ് ശബരിമല മൈക്രോസൈറ്റ് വിപുലീകരിക്കുന്നത്. ശബരിമല തീർത്ഥാടനത്തെക്കുറിച്ചുള്ള ഇ-ബ്രോഷർ, പ്രൊമോഷണൽ ഫിലിം, ഓൺലൈൻ മാർക്കറ്റിംഗ് കാമ്പയിനുകൾ എന്നിവയും ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമല തീർത്ഥാടനം തടസ്സരഹിതവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാൻ ഇതുവഴി സാധിക്കും.

ശബരിമല ദർശനത്തിനു ശേഷം സന്ദർശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാർഗങ്ങളും കേരള ടൂറിസം വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും. ഇതുവഴി സംസ്ഥാനത്തെ സമ്പന്നമായ പൈതൃകം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് ടൂറിസം വകുപ്പ് നടത്തുന്നത്. ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകൾ, ഗതാഗത സൗകര്യം, ആരാധനാലയങ്ങൾക്കു സമീപമുള്ള താമസസൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ഭക്തർക്ക് സമഗ്രവും ആകർഷകവുമായ തീർത്ഥാടനം ഉറപ്പാക്കും. ശബരിമല ദർശനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങൾ, സാംസ്‌കാരിക സ്ഥിതിവിവരക്കണക്കുകൾ, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ എന്നിവ മൈക്രോസൈറ്റിൽ ഉൾക്കൊള്ളുന്നു. സമഗ്രമായ ഉള്ളടക്കത്തിനൊപ്പം തീർത്ഥാടകർക്ക് യാത്രാപദ്ധതി കൃത്യമായി ആസൂത്രണം ചെയ്യാനും മൈക്രോസൈറ്റ് സഹായിക്കും. ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷം ഒക്ടോബർ 16 നാണ് പദ്ധതിക്കായി 61.36 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് ടൂറിസം വകുപ്പ് പുറപ്പെടുവിച്ചത്.

ശബരിമല മൈക്രോസൈറ്റിനു പുറമേ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഓഗ്മെന്റഡ് റിയാലിറ്റി ഹെറിറ്റേജ് ടൂറിന് 60 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇസ്ലാം മതത്തിലെ സവിശേഷമായ ആചാരങ്ങൾ, കലകൾ, ഉത്സവങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ സമഗ്ര വിവരങ്ങൾ അടങ്ങുന്ന മൈക്രോസൈറ്റും രൂപകൽപ്പന ചെയ്യുന്നുണ്ട്. കേരളത്തിലെ ഇസ്ലാം മതത്തിന്റെ സാമൂഹിക-സാംസ്‌കാരിക പരിണാമം പ്രദർശിപ്പിക്കുന്ന ഈ ഡിജിറ്റൽ നിർമ്മാണത്തിനായി 93.81 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വർക്കിംഗ് ഗ്രൂപ്പ് അംഗീകാരത്തിനു ശേഷം ഒക്ടോബർ 16 നാണ് പദ്ധതിക്ക് അനുമതി നൽകിയത്. നേരത്തെ കേരളത്തിലെ ക്ഷേത്രങ്ങൾ, ക്രിസ്തുമതം, ജൂതമതം എന്നിവയെക്കുറിച്ച് സമാനമായ മൈക്രോസൈറ്റുകൾ കേരള ടൂറിസം വികസിപ്പിച്ചിരുന്നു. ഈ പദ്ധതികളിലൂടെ തീർത്ഥാടന ടൂറിസത്തിന്റെ സമഗ്ര പുരോഗതിയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

Read Also: സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന സായാഹ്നങ്ങൾ ഉല്ലാസകരമാക്കാന്‍ പറ്റിയ കേരളത്തിലെ ബീച്ചുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button