KeralaLatest NewsNews

സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന സായാഹ്നങ്ങൾ ഉല്ലാസകരമാക്കാന്‍ പറ്റിയ കേരളത്തിലെ ബീച്ചുകൾ

ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും, കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. കേരളത്തിൽ നിങ്ങളെ ആനന്ദഭരിതരാക്കുന്ന ഒട്ടേറെ കടൽത്തീരങ്ങളുണ്ട്. കോവളം, വർക്കല, ചൊവ്വര, ചാവക്കാട്, നാട്ടിക, ചെറായി, കിഴുന്ന, പൂവാർ എന്നീ തീരങ്ങൾ അവയിൽ ചിലതു മാത്രം. വൈവിധ്യമാർന്ന സുഖവാസകേന്ദ്രങ്ങളും ഹോട്ടലുകളും ധാരാളമുണ്ട് കേരളത്തിന്റെ സമുദ്രതീരത്ത്.

കാപ്പാട് ബീച്ച്:

കേരളചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലമാണ് കോഴിക്കോട്ടെ കാപ്പാട് കടല്‍ത്തീരം. ഈ തീരത്താണ് അഞ്ഞൂറു കൊല്ലം മുമ്പ്, 1498-ല്‍ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ യൂറോപ്യന്മാര്‍ കേരളത്തില്‍ കപ്പലിറങ്ങുന്നത്. ഇതോടെ, കേരളമാകെയും മലബാര്‍ തീരം പ്രത്യേകിച്ചും വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. കേരളത്തിന്റെ വ്യാപാരവഴികള്‍ വീണ്ടും വികസിക്കാന്‍ ഈ കടലോരം നിമിത്തമായി. കാപ്പാടും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞാല്‍ അതിന്റെ ചരിത്ര പ്രാധാന്യമറിയാം. കടല്‍ത്തീരത്തുള്ള ചെറു കടകള്‍ നാടന്‍വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഈ തീരത്ത് ദേശാടന പക്ഷികളും അപൂര്‍വ്വമല്ല. നമ്മുടെ ചരിത്രത്തില്‍ നിർണായകസ്ഥാനം വഹിക്കുന്ന കാപ്പാട് കടല്‍ത്തീരം എന്തുകൊണ്ടും താല്‍പര്യമുണര്‍ത്തുന്ന ഒരിടമാണ്.

കോവളം:

അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച കടല്‍ത്തീരമാണ് കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടി ഇവിടെയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. നീന്തലും, വെയിൽ കായലും, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര തുടങ്ങി ഒട്ടേറെ സാധ്യതകളുണ്ട് സഞ്ചാരികൾക്കു മുന്നിൽ. സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന സായാഹ്നങ്ങളില്‍ നിമിഷങ്ങൾ കൊണ്ട് ചെമ്പുനിറത്തിന്റെ സൗമ്യരാഗം നിങ്ങളുടെ ഉടലിനു മാറ്റ്കൂട്ടും. സായാഹ്നത്തോടെ തിരക്കേറുന്ന കടല്‍ത്തീരത്തെ ജീവിതം അര്‍ദ്ധരാത്രിയോളം നീളാം. ഒരു പറ്റം ചെലവു കുറഞ്ഞ കോട്ടേജുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, സമ്മേളന സൗകര്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ കോവളത്ത് വിനോദസഞ്ചാരികള്‍ക്ക് വിവിധനിരക്കിലുളള സൗകര്യങ്ങള്‍ ലഭിക്കും. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ വരെ കോവളത്തില്‍ താമസ സൗകര്യമൊരുക്കുന്നു.

കോഴിക്കോട്:

സൂര്യാസ്തമയം കാണാന്‍ നഗരത്തിനുള്ളിൽ നിന്നും, അകലെ നിന്നും ധാരാളം പേര്‍ എത്തുന്ന സ്ഥലമാണ് കോഴിക്കോട് കടല്‍ത്തീരം. കടല്‍ത്തീരത്തിനടുത്തുള്ള ചെറുകടകളില്‍ നിന്ന് കടല്‍വിഭവങ്ങൾ രുചിക്കാന്‍ എത്തുന്നവരും ഏറെയാണ്. കല്ലുമ്മക്കായയാണ് കോഴിക്കോടിന്റെ തനതു രുചിയൊരുക്കുന്ന കടല്‍ വിഭവം. വെളുപ്പിനെ ഡോള്‍ഫിന്‍സ് പോയിന്റിലേക്കു നടന്നാല്‍ ഡോള്‍ഫിനുകള്‍ കടല്‍ നീലിമയില്‍ കുത്തിമറിയുന്നതു കാണാം. വിളക്കുമാടവും കടലിലേക്കു നീണ്ടുനില്‍ക്കുന്ന രണ്ടു പുലിമുട്ടുകളും മറ്റൊരാകര്‍ഷണമാണ്. ലയണ്‍സ് പാര്‍ക്കും, അടുത്തുള്ള അക്വേറിയവും കുട്ടികള്‍ക്കു ഇഷ്ടമാകും. രാവിലെ 8.00 മുതല്‍ രാത്രി 8.00 വരെ ഇവ തുറന്നിരിക്കും.

ചെറായി ബീച്ച്:

നീന്തൽക്കാരുടെ പറുദീസ എന്നാണ് ചെറായി കടൽതതീരം അറിയപ്പെടുന്നത്. എറണാകുളം നഗരത്തിനു സമീപമുള്ള വൈപ്പിൻ ദ്വീപിന്റെ ഭാ​ഗമാണ് ചെറായി ബീച്ച്. തീരമതിരിടുന്ന തെങ്ങിൻ തോപ്പുകളും, കടലോരത്തെ ചീന വലകളും ചെറായി കടല്‍ത്തീരത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകൾ ധാരാളമുണ്ടിവിടെ. ഭാ​ഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാം. അടുത്ത കാലത്താണ് ചെറായിയിൽ ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തനം തുടങ്ങിയത്. അതോടെ ഇങ്ങോട്ടുളള സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

പയ്യാമ്പലം:

സായാഹ്നങ്ങള്‍ ഉല്ലാസകരമാക്കാന്‍ നഗരവാസികള്‍ക്കു ഏറ്റവും യോജിച്ച തിരക്കില്ലാത്ത കടല്‍ത്തീരമാണ് കണ്ണൂരിലെ പയ്യാമ്പലം. കടലില്‍ നീന്തുന്നതിനും സര്‍ഫിംഗിനും സൗകര്യങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തെക്കേ ഇന്ത്യയില്‍ നിന്നിറങ്ങിയ പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. പല സ്വാതന്ത്ര്യ സമര സേനാനികളുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സ്മാരക കേന്ദ്രവുമാണ്. കണ്ണൂരിന്റെ ചരിത്രം ഈ കടല്‍ത്തീരത്തെ സ്മാരകങ്ങളിലൂടെ വായിക്കാം.

മുഴപ്പിലങ്ങാട്:

കേരളത്തിലെ ‘ഏക ഡ്രൈവ് ഇന്‍ ബീച്ച്’ എന്ന പ്രശസ്തി മുഴപ്പിലങ്ങാടിനു മാത്രമുള്ളതാണ്. മനോഹരമായ മലബാര്‍ തീരത്തിലൂടെ നാലു കിലോമീറ്റര്‍ മണല്‍പ്പാതയില്‍ കാറോടിക്കാന്‍ സൗകര്യമുള്ള ഏക കടല്‍ത്തീരം. തലശ്ശേരിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരമുണ്ട് മുഴപ്പിലങ്ങാട്ടേക്ക്. അറബിക്കടലിന്റെ തിരയടികള്‍ ആസ്വദിച്ച്, തീരത്തിനോട്‌ ചേര്‍ന്ന ചെറുകടകളില്‍ നിന്ന് തനതു മലബാര്‍ രുചിയുള്ള ഭക്ഷണം കഴിച്ച് സമയം ചെലവഴിക്കാം. ആഴം കുറവും അടിയൊഴുക്ക് താരതമ്യേന കുറഞ്ഞതുമായ കടലിലെ ഈ ഭാഗം നീന്താനും യോജിച്ചതാണ്. പാരാഗ്ലൈഡിംഗ്, പാരാസെയ്‌ലിംഗ്, മൈക്രോ ലൈറ്റ് ഫ്‌ളൈറ്റ് എന്നിവക്കും ബോട്ടിംഗിനും കട്ടമരം യാത്രക്കും സൗകര്യങ്ങളുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button