മൃഗസ്നേഹികൾ കാണാൻ ഏറെ ആഗ്രഹിക്കുന്ന ഇടങ്ങളാണ് വന്യജീവി സങ്കേതങ്ങൾ. മൃഗങ്ങളെ തനതായ ആവാസവ്യവസ്ഥയിലാണ് വന്യജീവി സങ്കേതങ്ങളിൽ സംരക്ഷിക്കുന്നത്. നിങ്ങൾ ഒരു മൃഗസ്നേഹിയാണെങ്കിൽ, മൃഗങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആന്ധ്രപ്രദേശിൽ കണ്ടിരിക്കേണ്ട നിരവധി വന്യജീവി സങ്കേതങ്ങൾ ഉണ്ട്. വളരെ വൈവിധ്യ നിറഞ്ഞവയാണ് ആന്ധ്രപ്രദേശിലെ ഓരോ വന്യജീവി സങ്കേതങ്ങളും. ആന്ധ്രപ്രദേശിൽ എത്തുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട 5 വന്യജീവി സങ്കേതങ്ങളെ കുറിച്ച് അറിയാം.
കമ്പളകൊണ്ട വന്യജീവി സങ്കേതം
ആന്ധ്രപ്രദേശിലെ പ്രധാന നഗരമായ വിശാഖപട്ടണത്തിന് സമീപമുള്ള വന്യജീവി സങ്കേതമാണ് കമ്പളകൊണ്ട വന്യജീവി സങ്കേതം. 70.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ വന്യജീവി സങ്കേതം വ്യാപിച്ചുകിടക്കുന്നത്. പുള്ളിപ്പുലി, പുള്ളിമാൻ, കാട്ടുപൂച്ച, പന്നി എന്നിങ്ങനെ നിരവധി തരത്തിലുള്ള വന്യജീവികൾ ഇവിടെയുണ്ട്.
കൃഷ്ണ വന്യജീവി സങ്കേതം
ആന്ധ്രപ്രദേശിലെ ഏറ്റവും അപൂർവമായ പാരിസ്ഥിതിക മേഖലകളിൽ ഒന്നായി കണക്കാക്കുന്നതാണ് കൃഷ്ണ വന്യജീവി സങ്കേതം. കൃഷ്ണ ഡെൽറ്റയുടെ സമതലത്തിന് സമീപമായാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഏക്കർ കണക്കിന് വ്യാപിച്ചുകിടക്കുന്ന കണ്ടൽക്കാടുകളാണ് ഇവിടെയുള്ള പ്രധാന ആകർഷണീയത. കൃഷ്ണ, ഗുണ്ടൂർ എന്നീ രണ്ട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിൽ വംശനാശം സംഭവിക്കുന്ന നിരവധി മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്.
ഗുണ്ടല ബ്രഹ്മേശ്വരം വന്യജീവി സങ്കേതം
ആന്ധ്രപ്രദേശിലെ അതിപ്രശസ്തമായ വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് ഗുണ്ടല
ബ്രഹ്മേശ്വരം വന്യജീവി സങ്കേതം. 1,194 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്. കടുവ, കരടി, പെരുമ്പാമ്പ്, കാട്ടുനായ തുടങ്ങി ഒട്ടനേകം ജീവജാലങ്ങൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു.
നാഗാർജുന സാഗർ വന്യജീവി സങ്കേതം
ആന്ധ്രപ്രദേശിനും തെലങ്കാനക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് നാഗാർജുന സാഗർ വന്യജീവി സങ്കേതം. നാഗാർജുന സാഗറിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ കടുവാ സങ്കേതം കൂടിയാണിത്. കടുവകൾക്ക് പുറമേ, പുള്ളിമാൻ, ചെന്നായ തുടങ്ങി ഒട്ടനേകം മൃഗങ്ങളെയും ഇവിടെ സംരക്ഷിക്കുന്നു. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ജീപ്പ് സവാരിയിലൂടെ ഈ വന്യജീവി സങ്കേതം കാണാവുന്നതാണ്.
റോളപ്പാട് വന്യജീവി സങ്കേതം
കുർണൂലിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് റോളപ്പാട്. ഏകദേശം 6.14 കിലോമീറ്റർ വിസ്തൃതിയിലാണ് ഈ വന്യജീവി സങ്കേതം വ്യാപിച്ചുകിടക്കുന്നത്. മാൻ, കൃഷ്ണമൃഗം, കുറുക്കൻ, കരടി, കാട്ടുപൂച്ചകൾ എന്നിവയാണ് ഈ വന്യജീവി സങ്കേതത്തിൽ പ്രധാനമായും കാണപ്പെടുന്നത്. മൃഗങ്ങൾക്ക് പുറമേ, ദേശാടനപ്പക്ഷികൾക്ക് കൂടി പേരുകേട്ട സ്ഥലമാണ് റോളപ്പാട് വന്യജീവി സങ്കേതം. ഓരോ വർഷവും വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്ന് നിരവധി ദേശാടനപ്പക്ഷികളാണ് ഇവിടെ എത്തിച്ചേരാറുളളത്.
Post Your Comments