KeralaNews

മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം; ചില വസ്തുതകൾ

പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍, പ്രത്യേകിച്ചും 5000 അടിക്കും മുകളിലുള്ള പുല്‍മേടുകളിലും ഷോലക്കാടുകളിലും, നീലക്കുറിഞ്ഞിയുടെ വസന്തകാലം പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. സ്‌ട്രൊബിലാന്തസ് കുന്തിയാന എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട, ധാരാളം കാണപ്പെടുന്ന നീലക്കുറിഞ്ഞി വര്‍ഗ്ഗത്തില്‍പ്പെട്ട കുറ്റിച്ചെടികളാണ് ഇങ്ങനെ ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ പൂക്കുന്നത്. ഇങ്ങനെ കൂട്ടപുഷ്പ്പിക്കലിനു പിന്നാലെ ചെടികള്‍ ഉണങ്ങി, വിത്ത് മണ്ണില്‍ വീണ്, വീണ്ടും മുളച്ച് ഇവയുടെ പുഷ്പിക്കലിനായി വീണ്ടും പന്ത്രണ്ടു കൊല്ലം മലനിരകള്‍ കാത്തിരിക്കുന്നു. തേയിലത്തോട്ടങ്ങള്‍, അവക്കിടയിലെ സ്വാഭാവികവും നട്ടു വളര്‍ത്തിയതുമായ വനങ്ങള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ മൂന്നാറിനു മുകളില്‍ പശ്ചിമഘട്ടങ്ങളുടെ ഭംഗി ഈ മേഖലക്കു മാത്രം സ്വന്തം.

12 വർഷങ്ങളുടെ ഇടവേളയിലാണ് നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലെ മലനിരകളിൽ നീല പരവതാനി വിരിച്ച പൂക്കളുടെ വസന്തം ജൂലൈ മധ്യത്തോടെയാണ് ആരംഭിക്കുന്നത്. ഒക്ടോബർ വരെയാണ് നീലകുറിഞ്ഞിയുടെ സീസൺ. ദേവികുളം, ടോപ്‌സ്റ്റേഷന്‍, കുണ്ടള, കൊളുക്കുമല തുടങ്ങി തമിഴ്‌നാട്ടിലെ കൊഡൈക്കനാല്‍ വരെ വ്യാപിച്ചു കിടക്കുന്ന മേഖല നീലക്കുറിഞ്ഞികളുടെയും സ്വര്‍ഗ്ഗഭൂമിയാണ്. വരയാടുകളുടെ സംരക്ഷണത്തിനായുള്ള ഇരവികുളം ദേശീയോദ്യാനവും ഈ സംരക്ഷിത മേഖലയില്‍ സന്ദര്‍ശകര്‍ക്ക് അനുമതിയുള്ള രാജമലയും ഇക്കാലത്ത് നീലക്കുറിഞ്ഞി പൂക്കളാല്‍ നീലനിറം കൈവരിക്കും. മൂന്നാര്‍ – കൊഡൈക്കനാല്‍ റോഡിലെ ഉയരം കൂടിയ സ്ഥലമായ ടോപ്‌സ്റ്റേഷന്‍, മറയൂര്‍, എക്കോ പോയിന്റ്, ആനയിറങ്കല്‍, വാളറ വെള്ളച്ചാട്ടം എന്നിവ മൂന്നാറിനടുത്തുള്ള വിനോദ സഞ്ചാരികള്‍ക്കു പ്രിയമേറുന്ന പ്രദേശങ്ങളാണ്.

കുറിഞ്ഞി പൂക്കുന്ന കാലത്തും, അല്ലാത്തപ്പോഴും മൂന്നാര്‍ നിങ്ങള്‍ക്കു സമ്മാനിക്കുക ഉല്ലാസത്തിനും ആനന്ദത്തിനും സാഹസികതയ്ക്കും അവസരമൊരുക്കുന്ന ദിവസങ്ങളാണ്. അടുത്ത വസന്തത്തിന്‌ 2030 വരെ കാത്തിരിക്കണം. പൂക്കൾ വിരിയുന്നതോടെ നീല പരവതാനി വിരിച്ചത് പോലെയാകുന്ന മലനിരകൾക്ക് നീലഗിരിയെന്ന പേര് ഉത്ഭവിച്ചതും നീലക്കുറിഞ്ഞിയിൽ നിന്ന് തന്നെ. നീലകുറിഞ്ഞി പൂക്കുന്ന കാലയളവിൽ പൂക്കളിൽ നിന്ന് ലഭിക്കുന്ന തേനിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ചെറിയ കയ്‍പോട് കൂടിയ നീലക്കുറിഞ്ഞി തേനിന് മറ്റ് തേനുകളെക്കാൾ വിലയും അധികമാണ്.

അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : അങ്കമാലി, മൂന്നാറില്‍ നിന്നു 108 കി. മീ, കോട്ടയം 147 കി. മീ.
വിമാനത്താവളം : മധുരൈ, (തമിഴ്‌നാട്) 160 കി. മീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button