KeralaLatest NewsNews

ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് അരക്കോടിയോളം രൂപ: തട്ടിപ്പ് വീരന്‍ “ഗുലാന്‍” ഒടുവില്‍ വലയില്‍ 

തൃശൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് തൃശൂരില്‍ പിടിയില്‍. തൃശൂര്‍ ചിറക്കല്‍ സ്വദേശി കടവില്‍ വീട്ടില്‍ ഗുലാന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് (28) ആണ് പിടിയിലായത്. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറുപതോളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. ചാവക്കാട് മണത്തല സ്വദേശിയെ വ്യക്തിഗത ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെട്ട് ഫോണിലേക്ക് വന്ന ഒടിപി മനസിലാക്കി 75,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ളതെന്ന് പൊലീസ് പറഞ്ഞു.

സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരനാണ് എന്ന് പറഞ്ഞ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെത്തി പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ‘ആളുകളോട് ലോണിനെ കുറിച്ച് സംസാരിക്കുകയും അവരുടെ കൈയില്‍ നിന്ന് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കരസ്ഥമാക്കും. പിന്നീട് ഫോണില്‍ വിളിച്ച് ഇത്ര രൂപ ലോണ്‍ പാസായിട്ടുണ്ടെന്നും ഫോണിലേക്ക് ഒരു ഒടിപി വന്നിട്ടുണ്ടെന്നും അത് പറഞ്ഞു തരാനും ആവശ്യപ്പെടും. ഇങ്ങനെ ഒ.ടി.പി മനസിലാക്കിയ ശേഷം ഇത്ര രൂപയുടെ ലോണ്‍ പാസായതായി അറിയിക്കും. പിന്നീട് 15 ദിവസത്തിനകം പാസായ ലോണ്‍ തുക ലഭിക്കുമെന്നും അറിയിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും. പറഞ്ഞ ദിവസത്തിനുശേഷവും ലോണ്‍ തുക ബാങ്ക് അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് പണം നഷ്ടമായവര്‍ കാര്‍ത്തികിനെ ഫോണില്‍ വിളിച്ചാല്‍ അവരോട് തട്ടിക്കയറും. ലോണ്‍ എടുത്തത് നിങ്ങളാണെന്നും തുകയുടെ തിരിച്ചടവ് സ്വയം നടത്തണമെന്നും പറയും.’ ഇനി ഫോണില്‍ വിളിച്ച് ശല്യം ചെയ്താല്‍ കേസ് കൊടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

പിന്നീട് ലോണ്‍ കൊടുത്ത ബാങ്കിന്റെ ആളുകള്‍ തിരിച്ചടവിനായി വീട്ടിലെത്തുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ആളുകള്‍ തട്ടിപ്പിന്റെ കാര്യം മനസിലാക്കുന്നത്. കൂടാതെ, മൊബൈല്‍ ഷോപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകളുടെ പലിശയില്ലാത്ത സ്‌കീമില്‍ വിലപ്പിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങും. പിന്നീട് ഈ മൊബൈല്‍ ഫോണുകള്‍ ആ കടയില്‍ തന്നെ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരുടെ സഹായത്തോടെ വില്‍പ്പന നടത്തും. വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നും മൊബൈല്‍ കടയിലെ ജീവനക്കാര്‍ക്കും ലോണ്‍ നല്‍കിയ ബാങ്കിലെ ജീവനക്കാര്‍ക്കും കമ്മീഷന്‍ നല്‍കും. സംസ്ഥാനത്തെ വിവിധ വലിയ മൊബൈല്‍ കടകളിലെയും വിവിധ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരെയും മറയാക്കിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. പ്രതിക്കെതിരെ ചാവക്കാട്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ എസിപി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button